| Tuesday, 27th May 2025, 9:00 pm

ഏറ്റവുമധികം അര്‍ധ സെഞ്ച്വറി ആര്‍.സി.ബിക്കെതിരെ; കൊടുത്ത പൈസയ്ക്കുള്ള കളി അവസാന മത്സരത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സീസണിലെ അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി ലഖ്‌നൗ സൂപ്പര്‍ നായകന്‍ റിഷബ് പന്ത്. റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ ക്വാളിഫയര്‍ ലക്ഷ്യം വെക്കുന്ന മത്സരത്തിലാണ് പന്ത് സീസണിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നത്.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് സൂപ്പര്‍ ജയന്റ് സ്വന്തമാക്കിയ റിഷബ് പന്തിന് ഇക്കാലമത്രെയും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പ്രകടനം ഒഴിച്ചുനിര്‍ത്തിയാല്‍ പന്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു.

നേരിട്ട 29ാം പന്തിലാണ് റിഷബ് പന്ത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഈ സീസണിലെ രണ്ടാമത് മാത്രം അര്‍ധ സെഞ്ച്വറിയാണിത്.

റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഇത് അഞ്ചാം തവണയാണ് പന്ത് അര്‍ധ സെഞ്ച്വറി നേടുന്നത്. നേരത്തെ ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുണ്ടായിരുന്നപ്പോഴടക്കം ബെംഗളൂരുവിനെതിരെ താരത്തിന്റെ പ്രകടനം മികച്ചുനിന്നിരുന്നു.

ഐ.പി.എല്ലില്‍ റിഷബ് പന്ത് ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയതും റോയല്‍ ചലഞ്ചേഴ്‌സിനെതിരെയാണ്. ഇത് അഞ്ചാം തവണയാണ് പന്ത് ആര്‍.സി.ബിക്കെതിരെ ഫിഫ്റ്റിയടിക്കുന്നത്.

ഐ.പി.എല്ലില്‍ റിഷബ് പന്ത് ഏറ്റവുമധികം തവണ 50+ റണ്‍സ് സ്‌കോര്‍ ചെയ്ത എതിരാളികള്‍

(ടീം – എത്ര തവണ 50+ സ്‌കോര്‍ സ്വന്തമാക്കി എന്ന ക്രമത്തില്‍)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 5*

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 4

രാജസ്ഥാന്‍ റോയല്‍സ് – 4

മുംബൈ ഇന്ത്യന്‍സ് – 3

എന്നാല്‍ ആര്‍.സി.ബി ആരാധകര്‍ക്ക് പന്തിന്റെ അര്‍ധ സെഞ്ച്വറിയില്‍ ആശങ്കയില്ല. കാരണം ഇതിന് മുമ്പ് തങ്ങള്‍ക്കെതിരെ റിഷബ് പന്ത് 50+ സ്‌കോര്‍ നേടിയപ്പോഴെല്ലാം തന്നെ റോയല്‍ ചലഞ്ചേഴ്‌സാണ് വിജയം സ്വന്തമാക്കിയത്.

അതേസമയം, മത്സരം 12 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലാണ് സൂപ്പര്‍ ജയന്റ്‌സ്. 34 പന്തില്‍ 58 റണ്‍സുമായി റിഷബ് പന്തും 27 പന്തില്‍ 45 റണ്‍സുമായി മിച്ചല്‍ മാര്‍ഷുമാണ് ക്രീസില്‍.

Content Highlight: IPL 2025: LSG vs RCB: Rishabh Pant smashes 5th IPL 50 against RCB

We use cookies to give you the best possible experience. Learn more