റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 227 റണ്‍സിന്റെ മികച്ച ടോട്ടലുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഹോം സ്‌റ്റേഡിയമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
സീസണിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാനൊരുങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ സെഞ്ച്വറി നല്‍കിയിരിക്കുന്ന ആവേശം ചെറുതൊന്നുമല്ല.
61 പന്ത് നേരിട്ട് പുറത്താകാതെ 118 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. നിക്കോളാസ് പൂരനും മാത്യൂ ബ്രീറ്റ്‌സ്‌കിക്കും തിളങ്ങാന്‍ സാധിക്കാതെ പോയ മത്സരത്തിലാണ് പന്ത് തകര്‍ത്തടിച്ചത്.
സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയ താരം ഐ.പി.എല്‍ കരിയറിലെ തന്റെ സെഞ്ച്വറി നേട്ടം രണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു. ഈ സീസണിലുടനീളം കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ പ്രകടനത്തിലൂടെ പന്ത് നല്‍കിയത്.
എട്ട് സിക്‌സറും 11 ഫോറും അടക്കം 193.44 സ്‌ട്രൈക്ക് റേറ്റിലാണ് പന്ത് റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ബാറ്റ് വീശിയത്.
ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണുപോയ റിഷബ് പന്തിന്റെ തിരിച്ചുവരവിന് കൂടിയാണ് മത്സരം സാക്ഷ്യം വഹിച്ചത്. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തത്. സീസണിലെ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെ.
ഈ പ്രകടനത്തിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും റിഷബ് പന്ത് ഇടം നേടി. ഐ.പി.എല്ലില്‍ 3500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ ലിസ്റ്റിലേക്കാണ് ലഖ്‌നൗ നായകന്‍ കാലെടുത്ത് വെച്ചത്. ഈ നേട്ടത്തിലെത്തുന്ന 23ാം താരവും 17ാം ഇന്ത്യന്‍ താരവുമാണ് പന്ത്.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, എം.എസ്. ധോണി, കെ.എല്‍. രാഹുല്‍, അജിന്‍ക്യ രഹാനെ, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്, സഞ്ജു സാംസണ്‍, അംബാട്ടി റായിഡു, സൂര്യകുമാര്‍ യാദവ്, ഗൗതം ഗംഭീര്‍, മനീഷ് പാണ്ഡേ, ശുഭ്മന്‍ ഗില്‍ ശ്രേയസ് അയ്യര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം കളിക്കുന്ന മറ്റൊരു താരത്തിനും ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പന്തിന് പുറമെ മിച്ചല്‍ മാര്‍ഷും ലഖ്‌നൗവിനായി മികച്ച പ്രകടനം പുറത്തെടുത്തു. 37 പന്തില്‍ 67 റണ്‍സാണ് താരം അടിച്ചെടുത്തത്.
റോയല്‍ ചലഞ്ചേഴ്‌സിനായി നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: IPL 2025: LSG vs RCB: Rishabh Pant completed 3500 runs in IPL