| Wednesday, 28th May 2025, 1:28 pm

തോല്‍വിയ്ക്ക് പിന്നാലെ പന്തിന് തിരിച്ചടി; പണി കൊടുത്ത് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ലഖ്നൗ വഴങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നായകന്‍ റിഷബ് പന്തിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ 227 റണ്‍സെടുത്തിരുന്നു. എന്നാല്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ബെംഗളൂരു വിജയം സ്വന്തമാക്കുകയായിരുന്നു. അതോടെ അവസാന അങ്കത്തില്‍ തോല്‍വിയോടെ പന്തിനും സംഘത്തിനും മടങ്ങേണ്ടി വന്നു.

തോല്‍വിയ്ക്ക് പിന്നാലെ ഒരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്. നിശ്ചിത സമയത്തിനുള്ളില്‍ മത്സരം അവസാനിപ്പിക്കാത്തതിന് ഐ.പി.എല്‍ പെരുമാറ്റ ചട്ട പ്രകാരം ലഖ്നൗവിന് പിഴ ചുമത്തിയിരിക്കുകയാണ് ബി.സി.സി.ഐ.

സ്ലോ ഓവര്‍ റേറ്റിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകന് 30 ലക്ഷം രൂപയാണ് ബി.സി.സി.ഐ പിഴ ചുമത്തിയത്. ബി.സി.സി.ഐ പുറത്തുവിട്ട പ്രസ് റിലീസിലൂടെയാണ് ലഖ്നൗ നായകന് സ്ലോ ഓവര്‍ റേറ്റിന് പിഴ ചുമത്തിയത് അറിയിച്ചത്. ഈ സീസണില്‍ ഇത് ആദ്യമായല്ല ലഖ്നൗവിനെ ബി.സി.സി.ഐ സ്ലോ ഓവര്‍ റേറ്റിന് ശിക്ഷിക്കുന്നത്.

സാധാരണയായി ഈ കുറ്റകൃത്യത്തിന് 12 ലക്ഷം പിഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍ മൂന്നാം തവണയും നിശ്ചിത സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കാതെ വന്നതോടെയാണ് പന്തിന്റെ ടീമിനെതിരെ വലിയ തുക പിഴ വിധിച്ചത്.

അതേസമയം, ഫോമില്ലാതിരുന്ന ലഖ്നൗ നായകന്‍ റിഷബ് പന്തിന്റെ തിരിച്ച് വരവിനാണ് ഗാലറി സാക്ഷ്യം വഹിച്ചത്. 61 പന്തില്‍ 118 റണ്‍സെടുത്തതാണ് താരം താന്‍ കളി മറന്നിട്ടില്ലെന്ന് തെളിയിച്ചത്. എട്ട് സിക്സും 11 ഫോറും അടക്കമുള്ള ഇന്നിങ്സ് 193.44 സ്‌ട്രൈക്ക് റേറ്റിലാണ് പന്ത് ബെംഗളൂരു ബാറ്റ് ചെയ്തത്.

മത്സരത്തില്‍ ബെംഗളൂരുവിനായി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയാണ്. 33 പന്തില്‍ ആറ് സിക്സും എട്ട് ഫോറും അടക്കം 85 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന് പുറമെ വിരാട് കോഹ് ലി 30 പന്തില്‍ 54 റണ്‍സും മായങ്ക് അഗര്‍വാള്‍ 23 പന്തില്‍ പുറത്താവാതെ 41 റണ്‍സുമെടുത്ത് വിജയത്തില്‍ നിര്‍ണ്ണായകമായി.

Content Highlight: IPL 2025: LSG vs RCB: Lucknow Super Giants captain Rishabh Pant  fined 30 lakh for slow over rate in IPL

We use cookies to give you the best possible experience. Learn more