ഐ.പി.എല്ലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ലഖ്നൗ വഴങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നായകന്‍ റിഷബ് പന്തിന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ 227 റണ്‍സെടുത്തിരുന്നു. എന്നാല്‍ എട്ട് പന്ത് ബാക്കി നില്‍ക്കെ ബെംഗളൂരു വിജയം സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബെംഗളൂരുവിന് സാധിച്ചു.
മത്സരത്തില്‍ കമന്ററി ബോക്‌സില്‍ നിന്ന് ബെംഗളൂരുവിന്റെ ബൗളിങ് യൂണിറ്റിനെതിരെ മോശമായി സംസാരിച്ചതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ആര്‍.സി.ബി താരം എ.ബി ഡിവില്ലിയേഴ്‌സ്.
സ്റ്റേഡിയത്തിലെ പിച്ച് ഫ്‌ളാറ്റായിരുന്നെന്ന് മനസിലാക്കുന്നതില്‍ കമന്റേറ്റര്‍മാര്‍ പരാജയപ്പെട്ടുവെന്നും പകരം ബെംഗളൂരുവിന്റെ ബൗളിങ് ആക്രമണത്തെ വിമര്‍ശിച്ചുവെന്നും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പറഞ്ഞു. ബാറ്റിങ്ങിന് ബുദ്ധിമുട്ടുള്ള പിച്ച് ആയിരുന്നെങ്കില്‍ റിഷബ് പന്ത് 118 റണ്‍സ് നേടില്ലായിരുന്നെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.
‘കമന്ററി ബോക്‌സില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ കേട്ടിരുന്നു, അവര്‍ എന്നെ ദേഷ്യം പിടിപ്പിച്ചു. ആര്‍.സി.ബി ബൗളര്‍മാരെക്കുറിച്ച് അവര്‍ വളരെ മോശമായി സംസാരിച്ചു. ആര്‍.സി.ബിയുടെ ബൗളിങ് സമ്മര്‍ദത്തിലാണെന്നും അവര്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ വിക്കറ്റിന്റെ കാര്യമോ? ബാറ്റ് ചെയ്യാന്‍ അനുയോജ്യമായ പിച്ചായിരുന്നു അത്. നിങ്ങള്‍ പിച്ച് ഒട്ടും പരിഗണിച്ചില്ല, എല്ലാം ബൗളര്‍മാരുടെ നേര്‍ക്കായിരുന്നു,
ബെംഗളൂരുവിന്റെ ബൗളിങ് മോശം ഫോമിലാണെന്ന് അവര്‍ പരാമര്‍ശിച്ചു. ചിലപ്പോള്‍ കമന്റേറ്റര്‍മാര്‍ ഒരു വിവരണത്തില്‍ മാത്രം കുടുങ്ങിപ്പോകുമെന്ന് എനിക്ക് തോന്നുന്നു. ആര്‍.സി.ബി ഒരിക്കലും ഒരു കിരീടം നേടിയിട്ടില്ലെന്ന് എനിക്കറിയാം, പക്ഷേ ‘ബൗളര്‍മാര്‍ പരാജയപ്പെടുന്നു, അവര്‍ ഉപയോഗശൂന്യരാണ്,’ എന്നൊക്കെ ഒരേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് ഭ്രാന്താണ്. ഫീല്‍ഡില്‍ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ കാണണം. ബാറ്റിങ്ങിന് ബുദ്ധിമുട്ടുള്ള പിച്ച് ആയിരുന്നെങ്കില്‍ റിഷബ് പന്ത് 118 റണ്‍സ് നേടുമായിരുന്നില്ല. എല്ലാ എല്‍.എസ്.ജി ബാറ്റര്‍മാരും നന്നായി ഷോട്ടുകള്‍ കളിച്ചു,’ എ.ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
സീസണില്‍ മോശം ഫോമില്‍ കളിച്ച ലഖ്നൗ നായകന്‍ റിഷബ് പന്തിന്റെ തിരിച്ച് വരവിനുകൂടിയാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. 61 പന്തില്‍ 118 റണ്‍സെടുത്തതാണ് താരം കളി മറന്നിട്ടില്ലെന്ന് തെളിയിച്ചത്. എട്ട് സിക്സും 11 ഫോറും അടക്കം 193.44സ്ട്രൈക്ക് റേറ്റിലാണ് പന്ത് ബെംഗളൂരുവിനെതിരെ ബാറ്റ് ചെയ്തത്.
Content Highlight: IPL 2025: LSG VS RCB: De Villiers slams commentators for making negative comments about Bengaluru’s bowling