മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിക്കരുത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പടുകൂറ്റന്‍ ടോട്ടലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ടൈറ്റന്‍സിന്റെ തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടിയാണ് ബാറ്റര്‍മാര്‍ കളം വിട്ടത്.
64 പന്ത് നേരിട്ട് 117 റണ്‍സാണ് താരം അടിച്ചെടുത്തത്. പത്ത് ഫോറും ആകാശം തൊട്ട എട്ട് സിക്‌സറുമടക്കം 182.81 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
ഈ ഇന്നിങ്‌സിന് പിന്നാലെ സീസണില്‍ 500 റണ്‍സ് മാര്‍ക് പിന്നിടാനും മാര്‍ഷിന് സാധിച്ചു. 12 ഇന്നിങ്‌സില്‍ നിന്നും 560 റണ്‍സാണ് മാര്‍ഷ് സ്വന്തമാക്കിയത്.
എന്നാല്‍ അതുക്കും മേലെ ഒരു റെക്കോഡാണ് മിച്ചല്‍ മാര്‍ഷിന്റെയും സഹോദരന്‍ ഷോണ്‍ മാര്‍ഷിന്റെയും പേരില്‍ കുറിക്കപ്പെട്ടത്. ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ സഹോദരങ്ങളെന്ന നേട്ടത്തിലേക്കാണ് മാര്‍ഷ് ബ്രദേഴ്‌സെത്തിയത്.
ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു ഏട്ടന്‍ മാര്‍ഷിന്റെ സെഞ്ച്വറി. 69 പന്ത് നേരിട്ട് 115 റണ്‍സാണ് ഷോണ്‍ നേടിയത്.
സീസണില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 11 മത്സരത്തില്‍ നിന്നും 68.44 ശരാശരിയില്‍ 616 റണ്‍സ് നേടിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ ഓറഞ്ച് ക്യാപ്പ് ജേതാവായും മാര്‍ഷ് മാറിയിരുന്നു.
ഈ നേട്ടത്തിനൊപ്പം ഐ.പി.എല്ലില്‍ ഒരു ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന മൂന്നാമത് വ്യക്തിഗത സ്‌കോറും അനിയന്‍ മാര്‍ഷ് അടിച്ചെടുത്തു.
(സ്‌കോര്‍ – താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
126 – ഡേവിഡ് വാര്‍ണര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2017
124* – മാര്‍ക്കസ് സ്‌റ്റോയ്‌നിസ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2024
117* – ഷെയ്ന്‍ വാട്‌സണ്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 2018
117* – ആന്‍ഡ്രൂ സൈമണ്ട്‌സ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് – 2008
117 – മിച്ചല്‍ മാര്‍ഷ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് – 2025*
മാര്‍ഷിന്റെ സെഞ്ച്വറിക്ക് പുറമെ അര്‍ധ സെഞ്ച്വറിയുമായി നിക്കോളാസ് പൂരനും മികച്ച പ്രകടനം പുറത്തെടുത്തു. 27 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 56 റണ്‍സാണ് താരം അടിച്ചെടുത്തത്. 207.67 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
24 പന്തില്‍ 36 റണ്‍സ് നേടിയ ഏയ്ഡന്‍ മര്‍ക്രവും ആറ് പന്തില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷബ് പന്തുമാണ് സൂപ്പര്‍ ജയന്റ്‌സിന്റെ റണ്‍ഗെറ്റര്‍മാര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ ജയന്റ്‌സ് 235ലെത്തി.
ടൈറ്റന്‍സിനായി രവിശ്രീനിവാസന്‍ സായ് കിഷോറും അര്‍ഷദ് ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: IPL 2025: LSG vs GT: Shaun Marsh and Mitchell Marsh becomes the first ever brothers to score century in IPL