| Monday, 24th March 2025, 9:36 pm

27 കോടിക്ക് ആറ് പന്തില്‍ പൂജ്യം; കരിയറിലെ ഏറ്റവും സ്‌പെഷ്യല്‍ മാച്ചില്‍ നിരാശനാക്കി പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന് 210 റണ്‍സിന്റെ വിജയലക്ഷ്യം. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ രണ്ടാമത് ഹോം സ്‌റ്റേഡിയമായ വിശാഖപട്ടണത്തിലെ എ.സി.എ-വി.സി.ഡി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ അക്‌സര്‍ പട്ടേല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മികച്ച തുടക്കമാണ് സൂപ്പര്‍ ജയന്റ്സിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഏയ്ഡന്‍ മര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 13 പന്തില്‍ 15 റണ്‍സ് നേടിയ മര്‍ക്രമിനെ പുറത്താക്കി വിപ്രജ് നിഗമാണ് കൂട്ടുകെട്ട് പൊളിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി വെടിക്കെട്ട് വീരന്‍ നിക്കോളാസ് പൂരനാണ് ക്രീസിലെത്തിയത്. ആദ്യ മിനിട്ട് മുതല്‍ക്കുതന്നെ എതിരാളികള്‍ക്ക് മേല്‍ കാട്ടുതീയായ്പ്പടര്‍ന്ന് പൂരന്‍ സ്‌കോര്‍ ബോര്‍ഡിന് വേഗം നല്‍കി. ഒരു വശത്ത് നിന്ന് മാര്‍ഷ് തകര്‍ത്തടിക്കുമ്പോള്‍ മറുവശത്ത് പൂരന്റെ താണ്ഡവത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

രണ്ടാം വിക്കറ്റില്‍ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 132ല്‍ നില്‍ക്കവെ മാര്‍ഷിനെ ടീമിന് നഷ്ടമായി. 36 പന്തില്‍ 200.00 സ്ട്രൈക്ക് റേറ്റില്‍ 72 റണ്‍സാണ് താരം സ്വന്തമാക്കിയത്.

മാര്‍ഷിന് ശേഷം ക്യാപ്റ്റന്‍ റിഷബ് പന്താണ് ക്രീസിലെത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന തുകയ്ക്ക് ലഖ്‌നൗ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ ആദ്യ മത്സരം എന്ന നിലയില്‍ ആരാധകരും വലിയ പ്രതീക്ഷയാണ് താരത്തില്‍ വെച്ചുപുലര്‍ത്തിയത്. എന്നാല്‍ ആരാധകരെ പാടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് പന്തിന്റെ മടക്കം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ദല്‍ഹി വൈസ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിക്ക് ക്യാച്ച് നല്‍കിയായിരുന്നു പന്തിന്റെ മടക്കം.

ഏഴ് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പന്ത് ഐ.പി.എല്ലില്‍ പൂജ്യത്തിന് പുറത്താകുന്നത്. 2018ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെയാണ് താരം ഇതിന് മുമ്പ് ഐ.പി.എല്ലില്‍ പൂജ്യത്തിന് പുറത്തായത്.

പന്ത് പുറത്തായി അധികം വൈകാതെ നിക്കോളാസ് പൂരനും മടങ്ങി. 30 പന്തില്‍ 75 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ആകാശം തൊട്ട ഏഴ് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

19 പന്തില്‍ 27 റണ്‍സുമായി ഡേവിഡ് മില്ലറാണ് ടീമിന്റെ മൂന്നാമത് മികച്ച റണ്‍ ഗെറ്ററായത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ലഖ്‌നൗ നേടിയത്.

ക്യാപ്പിറ്റല്‍സിനായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുകേഷ് കുമാറും വിപ്രജ് നിഗവും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: IPL 2025: LSG vs DC: Rishabh Pant out for a duck

We use cookies to give you the best possible experience. Learn more