രണ്ടാം ഐ.പി.എല്‍ കിരീടം എന്ന മോഹം ഇതിനോടകം തന്നെ അടിയറവ് വെച്ച രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് സൂപ്പര്‍ താരം നിതീഷ് റാണ പരിക്കേറ്റ് പുറത്തായത്.
കളിച്ച 12 മത്സരത്തില്‍ ഒമ്പതിലും പരാജയപ്പെട്ട രാജസ്ഥാന്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. ശേഷിച്ച രണ്ട് മത്സരത്തിലും വിജയിച്ച് അപമാനഭാരമില്ലാതെ മടങ്ങാനാകും രാജസ്ഥാന്‍ ഒരുങ്ങുന്നത്. എന്നാല്‍ റോയല്‍സിന്റെ ഈ മോഹങ്ങളിലേക്കാണ് നിതീഷ് റാണയുടെ പരിക്ക് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.
ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുമായി രാജസ്ഥാന്‍ പകരക്കാരനെയും പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കന്‍ യുവതാരം യുവാന്‍-ഡ്രെ ഗില്‍ബെര്‍ട്ട് പ്രിട്ടോറിയസാണ് റാണയുടെ പകരക്കാനായി ടീമിലെത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ കളിക്കുന്ന രണ്ടാമത് മാത്രം വിദേശ ബാറ്ററാണ് പ്രിട്ടോറിയസ്.
സീസണിന് മുമ്പ് ഏറെ പ്രതീക്ഷയോടെ ടീമില്‍ നിലനിര്‍ത്തിയ ടീമിലെ ഏക വിദേശ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഗംഭീര പരാജയമായതും മെഗാ താരലേലത്തില്‍ ഒറ്റ വിദേശ ബാറ്ററെ പോലും സ്വന്തമാക്കാന്‍ ശ്രമിക്കാതിരുന്നതും രാജസ്ഥാന്റെ ബാറ്റിങ് യൂണിറ്റിന്റെ ശക്തി ഇല്ലാതാക്കിയിരുന്നു.
ജോസ് ബട്‌ലര്‍ അടക്കമുള്ളവരെ കൈവിട്ടാണ് രാജസ്ഥാന്‍ ലേലത്തിനെത്തിയതെന്നും ഈ സാഹചര്യത്തില്‍ ഓര്‍മിക്കണം.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ടീമിലെത്തുന്ന പ്രിട്ടോറിയസിന് നിതീഷിന്റെ വിടവ് നികത്തുക അല്‍പ്പം പ്രയാസമായിരിക്കും. രാജസ്ഥാനായി മോശമല്ലാത്ത ബാറ്റിങ് പ്രകടനം പുറത്തെടുത്ത വളരെ ചുരുക്കം താരങ്ങളില്‍ ഒരാളാണ് നിതീഷ് റാണ. ഇനിയുള്ള മത്സരത്തില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചാല്‍ തന്റെ മികച്ച പ്രകടനം തന്നെ പ്രിട്ടോറിയസ് പുറത്തെടുക്കേണ്ടി വരും.
കരിയറില്‍ 33 ഇന്നിങ്‌സുകളിലാണ് ഇടംകയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റെടുത്തത്. 27.60 ശരാശരിയിലും 147.17 സ്‌ട്രൈക്ക് റേറ്റിലും 911 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആറ് അര്‍ധ സെഞ്ച്വറികള്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്ത പ്രിട്ടോറിയസിന്റെ ഉയര്‍ന്ന സ്‌കോര്‍ 51 പന്തില്‍ നേടിയ 97 റണ്‍സാണ്. എസ്.എ 20യില്‍ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിന് വേണ്ടിയാണ് താരം സ്‌കോര്‍ ചെയ്തത്.
സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗായ എസ്.എ 20യില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹോദര ഫ്രാഞ്ചൈസിയായ പാള്‍ റോയല്‍സിന്റെ താരമായിരുന്നു പ്രിട്ടോറിയസ്. ടൂര്‍ണമെന്റില്‍ കളിച്ച 12 മത്സരത്തില്‍ നിന്നും 33.08 ശരാശരിയിലും 166.80 സ്‌ട്രൈക്ക് റേറ്റിലും 397 റണ്‍സാണ് താരം സ്വന്തമാക്കിയത്.
മെയ് 12നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.
Content Highlight: IPL 2025: Lhuan dre Pretorius is the 2nd foreign batter to sign with Rajasthan Royals this season.