2025ലെ ഐ.പി.എല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ മുന്നേറിയത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫില്‍ അരങ്ങേറ്റം നടത്തിയ വിദേശ താരമായി മാറാന്‍ ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന് സാധിച്ചിരുന്നു. ഗുജറാത്തിന് വേണ്ടി സീസണില്‍ കളിക്കുന്ന രണ്ടാമത്തെ ലങ്കന്‍ താരമാണ് മെന്‍ഡിസ്. ദാസുന്‍ ഷനകയ്ക്ക് ശേഷമാണ് മെന്‍ഡിസിനെ ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്. ഗുജറാത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറിന് പകരക്കാരനായിട്ടാണ് താരത്തെ ഇറക്കിയത്. എന്നാല്‍ ചരിത്രം കുറിച്ച അതേ ദിവസം തന്നെ എലിമിനേറ്ററില്‍ ടീമിന്റെ പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണക്കാരനായിരിക്കുകയാണ് കുശാല്‍ മെന്‍ഡിസ്.
ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച ആദ്യ മത്സരത്തില്‍ മെന്‍ഡിസ് രണ്ട് പ്രധാന വിക്കറ്റുകളാണ് വിട്ടുകളഞ്ഞത്. കീപ്പര്‍ സ്ഥാനത്ത് നിന്ന് മുംബൈ സൂപ്പര്‍ ബാറ്റര്‍ രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും രണ്ട് പ്രധാന ക്യാച്ചുകള്‍ കൈവിട്ടാണ് മെന്‍ഡിസ് മോശം പ്രകടനം കാഴ്ചവെച്ചത്. ഇതോടെ ഒരു മോശം റെക്കോഡും ഗുജറാത്തിന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. ഐ.പി.എല്‍ 2025ല്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന വിക്കറ്റ് കീപ്പര്‍മാരുടെ ടീമായി മാറുകയാണ് ഗുജറാത്ത്.
ഗുജറാത്ത് ടൈറ്റന്‍സ് – 7
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 6
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 4
രാജസ്ഥാന്‍ റോയല്‍സ് – 4
ബാറ്റിങ്ങിലും മെന്‍ഡിസിന് മികവ് പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു. 10 പന്തില്‍ 20 റണ്‍സ് നേടിയെങ്കിലും ഹിറ്റ് വിക്കറ്റായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി.
അതേസമയം മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മുംബൈ ഉയര്‍ന്ന സ്‌കോറില്‍ എത്തിയത്. 50 പന്തില്‍ നാല് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്. മാത്രമല്ല കളിയിലെ താരമാകാനും രോഹിത്തിന് സാധിച്ചു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 22 പന്തില്‍ 47 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 33 റണ്‍സും നേടി.
Content Highlight: IPL 2025: Kusal Mendis leads Gujarat Titans to a poor record