| Wednesday, 21st May 2025, 4:32 pm

വിരമിക്കുന്നതാണ് നല്ലത്, റിഫ്‌ളക്‌സുമില്ല കാല്‍മുട്ടിന് ശക്തിയുമില്ല; തുറന്നടിച്ച് ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്‍ സീസണിലെ അവസാന മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം (ചൊവ്വ) അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ഇതോടെ സീസണില്‍ ഒമ്പതാം സ്ഥാനക്കാരായാണ് സഞ്ജുവും സംഘവും കളം വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി ധോണി ഒരു സിക്സര്‍ ഉള്‍പ്പെടെ 17 പന്തില്‍ 16 റണ്‍സായിരുന്നു ധോണി നേടിയത്. നിര്‍ണായക ഘട്ടത്തില്‍ ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ ധോണിക്ക് സാധിച്ചില്ല.

ഇപ്പോള്‍ ധോണിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ധോണിക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണെന്നും മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ ധോണിക്ക് സാധിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല ഇനി മികവ് പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ധോണിക്ക് വിരമിക്കുന്നതാണ് നല്ലതെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ധോണിക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ പ്രകടന മികവ് കുറഞ്ഞുവരുന്നു. പക്ഷേ അത് അംഗീകരിക്കാതെ പോരാടാന്‍ കഴിയില്ല. ഇനി അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയില്ലെന്ന് തോന്നിയാല്‍, വിരമിക്കുന്നതാണ് നല്ലത്. തീരുമാനം പൂര്‍ണമായും ധോണിയുടേതാണ്.

അദ്ദേഹം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. സത്യം പറഞ്ഞാല്‍ ധോണിയുടെ റിഫ്‌ളെക്‌സുകള്‍ മന്ദഗതിയിലായി. അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ അത്ര ശക്തമല്ലായിരിക്കാം, കൂടാതെ അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്‌നസും വഷളാകുന്നു,’ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ രാജസ്ഥാനെതിരായ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ധോണിക്ക് നേടാന്‍ സാധിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 350 സിക്സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് തല സ്വന്തമാക്കിയത്. ഇതേ മത്സരത്തില്‍ ധോണിക്ക് പിന്നാലെ ഈ റെക്കോഡിലെത്താന്‍ സഞ്ജുവിനും സാധിച്ചിരുന്നു. ധോണിയേക്കാള്‍ വേഗത്തിലായിരുന്നു സഞ്ജു ഈ നേട്ടത്തിലെത്തിയത്.

Content Highlight: IPL 2025: Kris Srikkanth tells Dhoni to retire if he is ready

We use cookies to give you the best possible experience. Learn more