| Wednesday, 21st May 2025, 2:12 pm

നിങ്ങള്‍ക്ക് അത് സാധിക്കുന്നില്ലെങ്കില്‍ പറ്റില്ലെന്ന് പറഞ്ഞ് പുറത്ത് പോകൂ; സൂപ്പര്‍ താരത്തിനോട് ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 ചെന്നൈ സൂപ്പര്‍ താരം എം.എസ് ധോണിയും ‘തല’ ആരാധകരും മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രൗണ്ടില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന ധോണിയെയാണ് ഈ സീസണില്‍ കണ്ടത്.

കഴിഞ്ഞ സീസണിലെല്ലാം ഡെത്ത് ഓവറുകളില്‍ എത്തി ചെന്നൈ ഫിനിഷിങ് ടച്ച് നല്‍കിയിരുന്ന ധോണിയ്ക്ക് പതിനെട്ടാം സീസണില്‍ ബിഗ് ഷോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സുമായി നടന്ന മത്സരത്തിലും പഴയ ധോണിയുടെ നിഴല്‍ പോലും കാണാന്‍ സാധിച്ചില്ല.

ഇപ്പോള്‍ ധോണി ഈ സീസണോട് കൂടി ഐ.പി.എല്ലില്‍ നിന്ന് വിരമിക്കണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ധോണിക്കും പ്രായമാവുകയാണെന്നും താരത്തില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ധോണി നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളും മുന്‍ താരം ചൂണ്ടിക്കാട്ടി. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധോണിക്കും പ്രായമാവുകയാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനാവില്ല. അതേസമയം, എപ്പോഴും കളിക്കാന്‍ വരികയും ടീമിനെ കുഴപ്പത്തിലാക്കാനും സാധിക്കില്ല. നിങ്ങള്‍ക്ക് അത് സാധിക്കുന്നില്ലെങ്കില്‍ അതിന് പറ്റില്ലെന്ന് പറഞ്ഞ് പുറത്ത് പോകൂ.

ധോണിയ്ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന ഒരു തീരുമാനമാണ്. അവന്‍ കളി തുടരുകയാണെങ്കില്‍ ഏത് റോളില്‍ ഇറങ്ങും? ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍ അല്ലെങ്കില്‍ ഫിനിഷര്‍ ?,’ ശ്രീകാന്ത് പറഞ്ഞു.

റോയല്‍സിനെതിരെ കഴിഞ്ഞ ദിവസം എട്ടാമനായി ഇറങ്ങി ധോണി 17 പന്തില്‍ ഒരു സിക്‌സ് ഉള്‍പ്പെടെ 16 റണ്‍സ് മാത്രമാണ് നേടിയത്. ഈ സീസണിലാകട്ടെ 13 മത്സരങ്ങളില്‍ നിന്ന് 196 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 24.50 ശരാശരിയിലും 135.17 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്ത താരത്തിന്റെ പതിനെട്ടാം സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 30 റണ്‍സാണ്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ചെന്നൈ പരാജയപെട്ടു. രാജസ്ഥാനോടുള്ള തോല്‍വിയോടെ സീസണിലെ പത്താം തോല്‍വിയും ചെന്നൈ വഴങ്ങി.

Content Highlight: IPL 2025: Kris Srikanth urged MS Dhoni to retire after ongoing IPL

We use cookies to give you the best possible experience. Learn more