| Sunday, 4th May 2025, 7:38 pm

ക്യാപ്റ്റന്‍ 45 പന്തില്‍ 95 റണ്‍സ് അടിച്ചിട്ടും രക്ഷയില്ല; സൂപ്പര്‍ ഓവറിലെത്താനാകാതെ അവസാന പന്തില്‍ വീണ്ടും തോറ്റു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025 സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ 20 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

അവസാന പന്തില്‍ മൂന്ന് റണ്‍സ് നേടിയാല്‍ വിജയിക്കാമെന്നിരിക്കെ ഒരു റണ്‍സ് മാത്രം ചേര്‍ത്തുവെച്ച് രാജസ്ഥാന്‍ റണ്‍ ഔട്ടിലൂടെ മത്സരം പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത ആന്ദ്രേ റസലിന്റെ തകര്‍പ്പന്‍ വെടിക്കെട്ടിലാണ് മികച്ച ടോട്ടലിലെത്തിയത്.

25 പന്ത് നേരിട്ട് പുറത്താകാതെ 57 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. ഈ സീസണില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി നേട്ടമാണിത്. ആകാശം തൊട്ട ആറ് സിക്സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്സ്. 228.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

റസലിന് പുറമെ യുവതാരം ആംഗ്രിഷ് രഘുവംശി, വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

രഘുവംശി 31 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. ആറ് പന്തില്‍ 19 റണ്‍സടിച്ച റിങ്കു സിങ്ങിന്റെ പ്രകടനവും നിര്‍ണായകമായി.

ഒടുവില്‍ ടീം 206/4 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

രാജസ്ഥാനായി റിയാന്‍ പരാഗ്, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, യുദ്ധ്‌വീര്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം പാളി. ആദ്യ രണ്ട് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍സ് സമ്മര്‍ദത്തിലേക്ക് വീണത്. രണ്ട് പന്തില്‍ നാല് റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെയും അഞ്ച് പന്തില്‍ പൂജ്യത്തിന് പുറത്തായ കുണാല്‍ സിങ് റാത്തോറിന്റെയും വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്.

മൂന്നാം വിക്കറ്റില്‍ ജെയ്‌സ്വാളിനെ ഒപ്പം കൂട്ടി റിയാന്‍ പരാഗ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അര്‍ധ സെഞ്ച്വറിയുമായി മുന്നോട്ട് കുതിച്ച പാര്‍ട്ണര്‍ഷിപ്പ് പൊളിച്ച് മോയിന്‍ അലി കൊല്‍ക്കത്തയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 21 പന്തില്‍ 34 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ മടങ്ങിയത്.

പിന്നാലെയെത്തിയ ധ്രുവ് ജുറെല്‍ ഗോള്‍ഡന്‍ ഡക്കായും വാനിന്ദു ഹസരങ്ക സില്‍വര്‍ ഡക്കായും മടങ്ങിയെങ്കിലും റിയാന്‍ പരാഗ് ചെറുത്തുനിന്നു. മോയിന്‍ അലിയെറിഞ്ഞ ഓവറില്‍ അഞ്ച് സിക്‌സറുമായി പരാഗ് ടീമിന് വിജയപ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു.

എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ പരാഗ് പുറത്തായതോടെ ആരാധകരും വിജയത്തെക്കുറിച്ച് മറന്നു. 45 പന്തില്‍ 95 റണ്‍സാണ് പരാഗ് സ്വന്തമാക്കിയത്. എട്ട് സിക്‌സറും ആറ് ഫോറും അടക്കം 211.11 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

അവസാന ഓവറില്‍ വിജയിക്കാന്‍ 22 റണ്‍സ് വേണെമെന്നിരിക്കെ ശുഭം ദുബെ രണ്ട് സിക്‌സറും ഒരു ഫോറുമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു റണ്ണകലെ വിജയം കൈവിട്ടു.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വൈഭവ് അറോറ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: IPL 2025: Kolkata Knight Riders defeated Rajasthan Royals

We use cookies to give you the best possible experience. Learn more