| Monday, 19th May 2025, 5:48 pm

ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുപോലെ ഒരു താരം ഇതാദ്യം; അടിച്ച അഞ്ച് സെഞ്ച്വറിയും തലയുയര്‍ത്തി തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിക്കരുത്തില്‍ ക്യാപ്പിറ്റല്‍സ് 199 റണ്‍സടിച്ചപ്പോള്‍ സായ് സുദര്‍ശന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സിന്റെയും കരുത്തിലാണ് ടൈറ്റന്‍സ് മറുപടി പറഞ്ഞത്.

രാഹുല്‍ 65 പന്തില്‍ പുറത്താകാതെ 112 റണ്‍സ് നേടിയപ്പോള്‍ സായ് സുദര്‍ശന്‍ 61 പന്തില്‍ 108 റണ്‍സും ഗില്‍ 53 പന്തില്‍ 93 റണ്‍സും നേടി പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ അഞ്ചാം സെഞ്ച്വറിയാണിത്. സായ് സുദര്‍ശന്റെ പേരില്‍ കുറിക്കപ്പെടുന്ന രണ്ടാം സെഞ്ച്വറിയും.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും നിരവധി റെക്കോഡുകള്‍ സെഞ്ച്വറിക്ക് പിന്നാലെ രാഹുല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യില്‍ വേഗത്തില്‍ 8,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരം, ആദ്യ ഇന്ത്യന്‍ താരം, ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് വിവിധ ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന് തുടങ്ങി ലിസ്റ്റ് നിളുന്നു.

രാഹുല്‍ നേടിയ അഞ്ച് സെഞ്ച്വറികള്‍ക്കും മറ്റൊരു പ്രത്യേകതയുമുണ്ട്. പുറത്താകാതെയാണ് ഈ അഞ്ച് സെഞ്ച്വറികളും താരം കുറിച്ചത്. ഐ.പി.എല്ലില്‍ അഞ്ച് അണ്‍ബീറ്റണ്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരവും രാഹുല്‍ തന്നെയാണ്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം അണ്‍ബീറ്റണ്‍ സെഞ്ച്വറികള്‍ നേടിയ താരം

(താരം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

കെ.എല്‍. രാഹുല്‍ – 5*

ക്രിസ് ഗെയ്ല്‍ – 4

വിരാട് കോഹ്‌ലി – 4

ഐ.പി.എല്ലില്‍ മാത്രമല്ല, ടി-20 ഫോര്‍മാറ്റില്‍ രാഹുല്‍ നേടിയ ഏഴ് സെഞ്ച്വറികളും അണ്‍ബീറ്റണ്‍ ഹണ്‍ഡ്രഡുകളായിരുന്നു.

രാഹുലിന്റെ അന്താരാഷ്ട്ര ടി-20 സെഞ്ച്വറികള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

110* (51) – വെസ്റ്റ് ഇന്‍ഡീസ് – ലൗഡര്‍ഹില്‍ – 2016

101* (54) – ഇംഗ്ലണ്ട് – മാഞ്ചസ്റ്റര്‍ – 2018

രാഹുലിന്റെ ഐ.പി.എല്‍ സെഞ്ച്വറികള്‍

(സ്‌കോര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

100* (64) – കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) – മുംബൈ ഇന്ത്യന്‍സ് – വാംഖഡെ – 2019

132* (69) – കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ദുബായ് – 2020

103* (60) – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് – ബ്രാബോണ്‍ – 2022

103* (60) – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – മുംബൈ ഇന്ത്യന്‍സ് – വാംഖഡെ – 2022

112* (65) – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി – 2025*

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. 12 മത്സരത്തില്‍ നിന്നും 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അക്‌സറിന്റെ സംഘം. എങ്കിലും ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്‌പോട്ടിനായി മുംബൈ ഇന്ത്യന്‍സ് അടക്കം നാല് ടീമുകളോട് ക്യാപ്പിറ്റല്‍സിന് മത്സരിക്കണം.

രണ്ട് മത്സരങ്ങളാണ് ഇനി ക്യാപ്പിറ്റല്‍സിന് ലീഗ് ഘട്ടത്തില്‍ കളിക്കാനുള്ളത്. മെയ് 21ന് മുംബൈ ഇന്ത്യന്‍സിനെതിരെയും 24ന് പഞ്ചാബ് കിങ്‌സിനെതിരെയും സ്വന്തം തട്ടകത്തിന് പുറത്ത് ക്യാപ്പിറ്റല്‍സ് കളിക്കും.

Content Highlight: IPL 2025: KL Rahul becomes the first batter to hit 5 unbeaten centuries in IPL history

We use cookies to give you the best possible experience. Learn more