| Friday, 11th April 2025, 6:45 pm

മറ്റാരെക്കാളും നന്നായി എനിക്കറിയാം; ബെംഗളൂരുവിനെ ബെംഗളൂരുവില്‍ പരാജയപ്പെടുത്തി കെ.എല്‍. രാഹുല്‍ പറഞ്ഞത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പരാജയപ്പെടുത്തി ദല്‍ഹി ക്യാപ്പിറ്റല്‍സ് അപരാജിത കുതിപ്പ് തുടരുകയാണ്. റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ക്യാപ്പിറ്റല്‍സ് ജയിച്ചുകയറിയത്.

റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 13 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചടക്കുകയായിരുന്നു.

കെ.എല്‍. രാഹുലിന്റെ വെടിക്കെട്ടിന്റെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് സീസണിലെ നാലാം വിജയവും സ്വന്തമാക്കിയത്. കളിച്ച നാല് മത്സരത്തില്‍ നാലിലും വിജയിച്ച് രണ്ടാം സ്ഥാനത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ്.

തങ്ങളുടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) സീസണിലെ നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കുന്നത്.

53 പന്തില്‍ പുറത്താകാതെ 93 റണ്‍സ് നേടിയ രാഹുലിനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രാഹുല്‍ കളിയിലെ താരമാകുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ച സിക്‌സറിന് പിന്നാലെ രാഹുലിന്റെ വിക്ടറി സെലിബ്രേഷനും വൈറലായിരുന്നു. ബെംഗളൂരു തന്റെ തട്ടകമാണെന്ന് പ്രഖ്യാപിക്കുന്നത് പോലെയായിരുന്നു ഹോം ടൗണ്‍ ഹീറോയുടെ മാച്ച് വിന്നിങ് സെലിബ്രേഷന്‍.

മത്സരശേഷം രാഹുല്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ബെംഗളൂരു തന്റെ ഹോം ഗ്രൗണ്ടാണെന്നും ഇവിടം മറ്റാരെക്കാളും നന്നായി തനിക്ക് അറിയാമെന്നുമാണ് രാഹുല്‍ പറഞ്ഞത്.

‘ഇതൊരു ട്രിക്കി വിക്കറ്റായിരുന്നു. വിക്കറ്റ് കീപ്പിങ്ങാണ് എന്നെ ഇക്കാര്യത്തില്‍ ഏറെ സഹായിച്ചത്. കീപ്പ് ചെയ്യുമ്പോള്‍ പന്തിന്റെ സ്വഭാവം എനിക്ക് മനസിലാക്കാന്‍ സാധിച്ചു. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഓരോ ഷോട്ടുകളും കളിച്ചത്. ഏത് ഏരിയ ലക്ഷ്യം വെച്ച് കളിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു.

ആര്‍.സി.ബി ബാറ്റര്‍മാര്‍ വരുത്തിയ പിഴവുകളെ കുറിച്ച് എനിക്ക് ബോധ്യമുണ്ടായിരുന്നു, ഒപ്പം ഏത് ഭാഗത്ത് കൂടിയാണ് അവര്‍ സിക്‌സറുകളും ഫോറുകളും നേടിയത് എന്നും ഞാന്‍ മനസിലാക്കി,’ രാഹുല്‍ പറഞ്ഞു.

ചിന്നസ്വാമി സ്റ്റേഡിയവുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും രാഹുല്‍ സംസാരിച്ചു.

‘ഇത് എന്റെ ഗ്രൗണ്ടാണ്, ഇതെന്റെ വീടാണ്. മറ്റാരെക്കാളും നന്നായി ഈ ഗ്രൗണ്ടിനെ കുറിച്ച് എനിക്കറിയാം. ഗ്രൗണ്ടിനനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചുമാണ് ഞാന്‍ പ്രാക്ടീസ് ചെയ്യാറുള്ളത്.

മണിക്കൂറുകളോളം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വിവിധ സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ രാഹുല്‍ പറഞ്ഞു.

അതേസമയം, നാല് മത്സരത്തില്‍ നിന്നും എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ക്യാപ്പിറ്റല്‍സ്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു തോല്‍വിയും നാല് വിജയവുമായി ഗുജറാത്ത് ടെെറ്റന്‍സാണ് ഒന്നാമത്.

ഏപ്രില്‍ 13നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. ദല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Content Highlight: IPL 2025: KL Rahul about Bengaluru and Chinnaswamy Stadium

We use cookies to give you the best possible experience. Learn more