ഐ.പി.എല്ലിലെ 68ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് കമ്മിന്‍സും സംഘവും നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്റെ സെഞ്ച്വറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ 278 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിയിരുന്നു. എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നൈറ്റ് റൈഡേഴ്‌സിന്റെ പോരാട്ടം എട്ട് പന്ത് ബാക്കി നില്‍ക്കെ 168ല്‍ അവസാനിക്കുകയായിരുന്നു.
കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത് ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്നാണ്. ബാറ്റിങ്ങില്‍ 16 പന്തില്‍ 31 റണ്‍സ് എടുത്തപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ രണ്ട് വിക്കറ്റുകളും താരം വീഴ്ത്തി.
ഓറഞ്ച് ആര്‍മിയുടെ പ്രധാന താരങ്ങളും ഓപ്പണര്‍മാറുമായ അഭിഷേക് ശര്‍മയുടെയും ട്രാവിസ് ഹെഡിന്റെയും വിക്കറ്റുകളാണ് നരെയ്ന്‍ നേടിയത്. നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
രണ്ട് വിക്കറ്റ് എടുത്തതോടെ ഒരു തകര്‍പ്പന്‍ നേട്ടവും നരെയ്ന് സ്വന്തം പേരില്‍ കുറിക്കാനായി. ടി- 20 ക്രിക്കറ്റില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് കൊല്‍ക്കത്തന്‍ സ്പിന്നര്‍ക്ക് സ്വന്തമാക്കാനായത്. കൗണ്ടി ക്രിക്കറ്റ് ടീമായ നോട്ടിങ്ഹാംഷെയര്‍ താരം സമിത് പട്ടേലിനെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 210*
സമിത് പട്ടേല്‍ – നോട്ടിങ്ഹാംഷെയര്‍ – 208
ക്രിസ് വുഡ് – ഹാംഷെയര്‍ – 199
ലസിത് മലിംഗ – മുംബൈ ഇന്ത്യന്‍സ് – 195
ഡേവിഡ് പെയ്ന്‍ – ഗ്ലോസ്റ്റര്‍ഷെയര്‍ – 193
നരെയ്ന് പുറമെ വൈഭവ് അറോറ ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങില്‍ മനീഷ് പാണ്ഡേ 23 പന്തില്‍ 37 റണ്‍സ് നേടിയപ്പോള്‍ ഹര്‍ഷിത് റാണ 21 പന്തില്‍ 34 റണ്‍സും കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.
Content Highlight: IPL 2025: KKR vs SRH: Sunil Narine became the bowler with most wicket for single team in T20 cricket