ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 207 റണ്‍സിന്റെ മികച്ച ടോട്ടലുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആന്ദ്രേ റസലിന്റെ തകര്‍പ്പന്‍ വെടിക്കെട്ടിലാണ് കെ.കെ.ആര്‍ മികച്ച ടോട്ടലിലെത്തിയത്.
25 പന്ത് നേരിട്ട് പുറത്താകാതെ 57 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. ഈ സീസണില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറി നേട്ടമാണിത്. ആകാശം തൊട്ട ആറ് സിക്‌സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. 228.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് ഒമ്പതാം തവണയാണ് റസല്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് മര്‍ദനത്തിന് പിന്നാലെ ഈ റെക്കോഡ് നേട്ടത്തില്‍ മുന്‍ വിന്‍ഡീസ് സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും കരിബീയന്‍ ഹാര്‍ഡ് ഹിറ്റര്‍ക്ക് സാധിച്ചു.
(താരം/ താരങ്ങള്‍ – എത്ര തവണ എന്നീ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്‌സ് – 13 തവണ
ഡേവിഡ് വാര്‍ണര്‍ – 10 തവണ
കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍ – 9 തവണ വീതം
എം.എസ്. ധോണി, ക്രിസ് ഗെയ്ല്‍, സൂര്യകുമാര്‍ യാദവ് – 8 തവണ വീതം
സുനില്‍ നരെയ്ന്‍, റിഷബ് പന്ത്, നിക്കോളാസ് പൂരന്‍ – 7 തവണ വീതം
അതേസമയം, മത്സരത്തില്‍ റസലിന് പുറമെ യുവതാരം ആംഗ്രിഷ് രഘുവംശി, വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസ്, ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
രഘുവംശി 31 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ ഗുര്‍ബാസ് 25 പന്തില്‍ 35 റണ്‍സും രഹാനെ 24 പന്തില്‍ 30 റണ്‍സും സ്വന്തമാക്കി. ആറ് പന്തില്‍ 19 റണ്‍സടിച്ച റിങ്കു സിങ്ങിന്റെ പ്രകടനവും നിര്‍ണായകമായി.
ഒടുവില്‍ ടീം 206/4 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം പാളിയിരിക്കുകയാണ്. ആദ്യ രണ്ട് ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയല്‍സ് സമ്മര്‍ദത്തിലേക്ക് വീണത്. രണ്ട് പന്തില്‍ നാല് റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെയും അഞ്ച് പന്തില്‍ പൂജ്യത്തിന് പുറത്തായ കുണാല്‍ സിങ് റാത്തോറിന്റെയും വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്.
നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 എന്ന നിലയിലാണ് രാജസ്ഥാന്‍. ആറ് പന്തില്‍ പത്ത് റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 11 പന്തില്‍ 22 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.
Content Highlight: IPL 2025: KKR vs RR: Andre Russel scored explosive half century