കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മികച്ച ടോട്ടലുമായി ഗുജറാത്ത് ടൈറ്റന്‍സ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും മികച്ച പ്രകടനമാണ് ടീമിന് കരുത്തായത്.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ടൈറ്റന്‍സ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കിയത്.
13ാം ഓവറിലെ രണ്ടാം പന്തില്‍ സായ് സുദര്‍ശന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈകളിലൊതുങ്ങും മുമ്പേ 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 36 പന്ത് നേരിട്ട് 52 റണ്‍സുമായാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. ആന്ദ്രേ റസലിനാണ് വിക്കറ്റ്.
എന്നാല്‍ പുറത്താകും മുമ്പേ ഒരു മികച്ച നേട്ടവും സായ്-ഗില്‍ സഖ്യം സ്വന്തമാക്കിയിരുന്നു. 2024 ഐ.പി.എല്‍ മുതല്‍ ഏറ്റവുമധികം സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുണ്ടാക്കുന്ന കൂട്ടുകെട്ടില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഇരുവരും റെക്കോഡിട്ടത്. കഴിഞ്ഞ സീസണ്‍ മുതല്‍ ഇത് മൂന്നാം തവണയാണ് ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
(താരങ്ങള്‍ – ടീം – ഇന്നിങ്‌സ് – സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് എന്നീ ക്രമത്തില്‍)
ട്രാവിസ് ഹെഡ് & അഭിഷേക് ശര്‍മ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 22 – 4
സായ് സുദര്‍ശന്‍ & ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 17 – 3*
സഞ്ജു സാംസണ്‍ & ധ്രുവ് ജുറെല്‍ – രാജസ്ഥാന്‍ റോയല്‍സ് – 4 – 2
അതേസമയം, സായ് സുദര്‍ശന്‍ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ജോസ് ബട്‌ലറിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ തമിഴ്‌നാട് സൂപ്പര്‍ താരത്തിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ ഗില്‍ രണ്ടാം വിക്കറ്റില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരത്തിനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 172ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ മടക്കി വൈഭവ് അറോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. 55 പന്തില്‍ 90 റണ്‍സുമായാണ് ഗില്‍ തിരിച്ചുനടന്നത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 163.64 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
പിന്നാലെയെത്തിയ വമ്പനടിവീരന്‍ രാഹുല്‍ തെവാട്ടിയ സില്‍വര്‍ ഡക്കായി മടങ്ങി. ഹര്‍ഷിത് റാണയുടെ പന്തില്‍ രമണ്‍ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെയെത്തിയ ഷാരൂഖ് ഖാനെ ഒപ്പം കൂട്ടി ബട്‌ലര്‍ സ്‌കോര്‍ 200 കടത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
ബട്‌ലര്‍ 23 പന്തില്‍ 41 റണ്‍സും ഷാരൂഖ് ഖാന്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ, ഹര്‍ഷിത് റാണ, ആന്ദ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍
സുനില്‍ നരെയ്ന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, മോയിന്‍ അലി, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
Content Highlight: IPL 2025: KKR vs GT: Sai Sudarshan and Shubman Gill share a century partnership