ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് സിനെതിരെ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ 39 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിരുന്നു. സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ടൈറ്റന്‍സ് സ്‌കോര്‍ ബോര്‍ഡിന് അടിത്തറയൊരുക്കിയത്.
199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ ഒതുങ്ങി. 36 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്.
അവസാനത്തില്‍ ഇംപാക്ട് പ്ലെയറായെത്തിയ ആംഗ്രിഷ് രഘുവംശി 13 പന്തില്‍ 27 റണ്‍സെടുത്ത് ചെറുത്തു നില്‍പ്പ് നടത്തിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ഇതോടെ കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി വാങ്ങേണ്ടി വന്നു.
മത്സരശേഷം ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള പരാജയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പ്രതികരിച്ചിരുന്നു. 199 റണ്‍സ് പിന്തുടരാന്‍ പറ്റുമെന്ന് കരുതിയെന്നും ടൂര്‍ണമെന്റിലുടനീളം തങ്ങള്‍ ബുദ്ധിമുട്ടുന്നത് മികച്ച തുടക്കങ്ങള്‍ ലഭിക്കാത്തതാണെന്നും രഹാനെ പറഞ്ഞു. ബൗളര്‍മാര്‍ ഓരോ മത്സരങ്ങളിലും മെച്ചപ്പെടുന്നുവെന്നും മധ്യ ഓവറുകളില്‍ തങ്ങള്‍ നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ടെന്നും കൊല്‍ക്കത്ത നായകന്‍ കൂട്ടിച്ചേര്‍ത്തു.
‘199 റണ്‍സ് പിന്തുടരാന്‍ പറ്റുമെന്ന് ഞാന്‍ കരുതി. പന്ത് ഉപയോഗിച്ച് ഞങ്ങള്‍ കളിയിലേക്ക് വളരെ മികച്ച രീതിയില്‍ തിരിച്ചുവന്നു. മത്സരത്തില്‍ മികച്ച തുടക്കമാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ ബുദ്ധിമുട്ടുന്നത് അതാണ്. എത്രയും വേഗം ഞങ്ങള്‍ പഠിക്കേണ്ടതുണ്ട്.
പിച്ച് അല്‍പ്പം മന്ദഗതിയിലായിരുന്നു, പക്ഷേ ഞങ്ങള്‍ ബൗള്‍ ചെയ്യുമ്പോള്‍ 210 അല്ലെങ്കില്‍ 200 ല്‍ താഴെ സ്‌കോര്‍ നല്ലതാകുമെന്ന് ഞങ്ങള്‍ കരുതി. ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ച് മധ്യ ഓവറുകളില്‍. ഞങ്ങള്‍ക്ക് മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകള്‍ ആവശ്യമാണ്. ഞങ്ങളുടെ ബൗളര്‍മാരില്‍ നിന്ന് പരാതികളൊന്നുമില്ല. ഓരോ കളിയിലും അവര്‍ മെച്ചപ്പെടുന്നു,’ രഹാനെ പറഞ്ഞു.
ടീമിന്റെ ഫീല്‍ഡിങ്ങിനെ കുറിച്ചും താരങ്ങള്‍ക്ക് ഉണ്ടാവേണ്ട മനോഭാവത്തെ കുറിച്ചും രഹാനെ സംസാരിച്ചു. ഫീല്‍ഡില്‍ 15-20 റണ്‍സ് ലാഭിക്കാന്‍ കഴിയുമെങ്കില്‍ അത് എപ്പോഴും നല്ലതാണെന്നും ഒരു ബാറ്ററെന്ന നിലയില്‍ ധൈര്യമായിരിക്കുക എന്നതാണ് ഈ ഫോര്‍മാറ്റില്‍ പ്രധാനമെന്നും രഹാനെ പറഞ്ഞു. ഔട്ടാകുമെന്ന് വിചാരിച്ചാല്‍ പുറത്താകുമെന്നും പകരം റണ്‍സ് നേടുന്നതിനെക്കുറിച്ചോ ബൗണ്ടറികള്‍ അടിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഫീല്‍ഡിങ് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള ഒന്നാണ്. 15-20 റണ്‍സ് ലാഭിക്കാന്‍ കഴിയുമെങ്കില്‍ അത് എപ്പോഴും നല്ലതാണ്. ഇതെല്ലാം മനോഭാവത്തെക്കുറിച്ചാണ്. പക്ഷേ താരങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നു. ഒരു ബാറ്ററെന്ന നിലയില്‍ ധൈര്യമായിരിക്കുക എന്നതാണ് ഈ ഫോര്‍മാറ്റില്‍ പ്രധാനം.
ഭൂതകാലത്തെക്കുറിച്ച് അധികം ചിന്തിക്കാതെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും അവസരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യണം. പോസിറ്റീവ് മനോഭാവം പുലര്‍ത്തണം. ഔട്ടാകുമെന്ന് വിചാരിച്ചാല്‍ പുറത്താകും. പകരം റണ്‍സ് നേടുന്നതിനെക്കുറിച്ചോ ബൗണ്ടറികള്‍ അടിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കണം,’ രഹാനെ കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് ഉയര്‍ത്തിയ വിജയം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നൈറ്റ് റൈഡേഴ്സിന് തുടക്കത്തിലേ പിഴച്ചിരുന്നു. പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. പിന്നാലെ വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ ആയില്ല.
ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടമായപ്പോഴും ക്രീസില്‍ ഉറച്ചുനിന്ന അജിന്‍ക്യ രഹാനെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കേണ്ട ചുമതല സ്വയമേറ്റെടുത്തു. കൊല്‍ക്കത്ത ഏറെ പ്രതീക്ഷ വെച്ച റിങ്കു സിങ്, സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.
Content Highlight: IPL 2025: KKR vs GT: Kolkata Knight Riders Captain Ajinkya Rahane criticizes batters for the defeat against Gujarat Titans