| Wednesday, 7th May 2025, 11:55 pm

ചെന്നൈക്ക് മൂന്നാം വിജയം; എട്ടിന്റെ പണികിട്ടിയത് കൊല്‍ക്കത്തയ്ക്ക്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

ആവേശം നിറഞ്ഞ മത്സരത്തിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ചെന്നൈക്ക് വിജയം നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിലെ പവര്‍ പ്ലേയില്‍ 62 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്ന ചെന്നൈ പിന്നീട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിക്കറ്റുകള്‍ വീണ് സമ്മര്‍ദത്തിലായപ്പോള്‍ മധ്യനിരയാണ് ചെന്നൈയെ താങ്ങി നിര്‍ത്തിയത്.

ഇമ്പാക്ട് ആയി ഇറങ്ങിയ ശിവം ദുബെയും ധോണിയും തമ്മിലുള്ള കൂട്ടുകെട്ട് ടീമിനെ വിജയത്തില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും 40 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടി ശിവം മടങ്ങി. വൈഭവ് അറോറയായിരുന്നു താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അവസാനഘട്ടത്തില്‍ എം.എസ്. ധോണിയുടെ ചെറുത്തുനില്‍പ്പും അന്‍ഷുല്‍ കാംബോജിന്റെ ബൗണ്ടറി നേടിയുള്ള ഫിനിഷിങ്ങും ചെന്നൈയെ സീസണിലെ മൂന്നാം വിജയത്തില്‍ എത്തിച്ചു. ധോണി 18 പന്തില്‍ 17 റണ്‍സായിരുന്നു നേടിയത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് വൈഭവ് അറോറയാണ് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മൊയീന്‍ അലി ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് വലിയ തിരിച്ചടിയായിരുന്നു തുടക്കത്തില്‍ ലഭിച്ചത്.
ഓപ്പണര്‍മാരായ ആയുഷ് മാഹ്‌ത്രെ, ഡെവോണ്‍ കോണ്‍വേ എന്നിവരെ പൂജ്യം റണ്‍സിന് കൂടാരം കയറ്റിയാണ് കൊല്‍ക്കത്ത ബൗളിങ് തുടങ്ങിയത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചത് മൂന്നാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ ഉര്‍വില്‍ പട്ടേലാണ്. 11 പന്തിയില്‍ നിന്ന് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഹര്‍ഷിത് പട്ടേല്‍ ആണ് ഉര്‍വിലിന്റെ വിക്കറ്റ് നേടിയത്. ശേഷം രവീന്ദ്ര ജഡേജ 19 റണ്‍സിന് വരുണ്‍ ചക്രവര്‍ത്തിയുടെ ഇരയായപ്പോള്‍ കളത്തില്‍ ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസ് ആണ് ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 25 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് ആണ് താരം നേടിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓപ്പണര്‍ റഹ്മാനുള്ള ഗര്‍ബാസിനെ 11 റണ്‍സിന് പറഞ്ഞയച്ചാണ് ചെന്നൈ തുടങ്ങിയത്. അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. കൂറ്റന്‍ അടിക്ക് പേരുകേട്ട സുനില്‍ നരെയ്‌നെ നൂര്‍ അഹമ്മദും പുറത്താക്കി. 17 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. ശേഷം ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയെ ഒരു റണ്‍സിന് പറഞ്ഞയച്ച് നൂറ് അഹമ്മദ് വീണ്ടും തിളങ്ങി. അംഗ്കൃഷിന്റെയും നരെയ്‌ന്റേയും വിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ കയ്യിലാണ് എത്തിയത്.

മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയായിരുന്നു ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ 33 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 48 റണ്‍സ് നേടി ക്യാപ്റ്റനും പുറത്തായി. ആര്‍ അശ്വിന്‍ ആണ് രഹാനെയെ പറഞ്ഞയച്ചത്.

പിന്നീട് മധ്യനിരയില്‍ നിന്ന് മനീഷ് പാണ്ഡെയും ആന്ദ്രെ റസലുമാണ് കൊല്‍ക്കത്തക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. മനീഷ് 28 പന്തില്‍ നിന്ന് ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റസല്‍ 21 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി. നൂര്‍ അഹമ്മദിനാണ് താരത്തിന്റെ വിക്കറ്റ്. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

Content highlight: IPL 2025: KKR VS CSK: Chennai Won Against Kolkata By Two Wickets

We use cookies to give you the best possible experience. Learn more