| Tuesday, 3rd June 2025, 6:23 pm

ഏഴാം കിരീടം ലോഡിങ്! ചാമ്പ്യന്‍സ് ലീഗ് മുതല്‍ ലോകകപ്പ് വരെ! സിക്‌സേഴ്‌സിനും ഓസ്‌ട്രേലിയക്കുമുണ്ടായ ആ ഭാഗ്യം ഇത്തവണ ആര്‍.സി.ബിക്കൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഒരു പുതിയ ചാമ്പ്യന്‍ പിറവിയെടുക്കും എന്നതിനാല്‍ ഇത്തവണ കലാശപ്പോരാട്ടത്തിന്റെ ആവേശം ഇരട്ടിയാണ്.

ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലിന് യോഗ്യത നേടിയത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 60 പന്ത് ബാക്കി നില്‍ക്കവെ ചരിത്ര വിജയം സ്വന്തമാക്കിയാണ് ടീം കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തത്.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ക്വാളിഫയറില്‍ മുംബൈയ്‌ക്കെതിരെ നോക്ക്ഔട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയാണ് പഞ്ചാബ് ഒരിക്കല്‍ക്കൂടി റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടാനെത്തുന്നത്.

സൂപ്പര്‍ താരങ്ങളുടെ മിന്നും ഫോമാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ കരുത്ത്. ആദ്യ ക്വാളിഫയറിലടക്കം ആരാധകര്‍ ഇത് കണ്ടതുമാണ്. എന്നാല്‍ കഴിവും കരുത്തും മാത്രമല്ല, അല്‍പം ഭാഗ്യവും കിരീടനേട്ടത്തിന് വേണമെന്നത് മറ്റൊരു ഘടകമാണ്. ഇത്തരത്തില്‍ ഭാഗ്യം തുണയ്ക്കാതെ പോയതാണ് മുമ്പ് നടന്ന മൂന്ന് ഫൈനലിലും ആര്‍.സി.ബിക്ക് തിരിച്ചടിയായത്.

എന്നാല്‍ ആ നിര്‍ഭാഗ്യത്തെ മറികടക്കാന്‍ പോന്ന ഒരു ലക്ക് ഫാക്ടര്‍ ഇപ്പോള്‍ ടിമിനൊപ്പമുണ്ട്, കളിച്ച ഫൈനലുകളില്‍ ഒന്ന് പോലും പരാജയപ്പെടാത്ത ജോഷ് ഹെയ്‌സല്‍വുഡിന്റെ രൂപത്തില്‍! ഇതിന് മുമ്പ് ആറ് ഫൈനലുകളില്‍ ഹെയ്‌സല്‍വുഡ് പന്തെറിഞ്ഞിട്ടുണ്ട്. ഇതില്‍ ആറിലും താരത്തിന്റെ ടീം കപ്പുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

2012 ചാമ്പ്യന്‍സ് ലീഗ് ടി-20യില്‍ സിഡ്‌നി സിക്‌സേഴ്‌സിനൊപ്പമാണ് താരം കിരീടമണിഞ്ഞത്. സൗത്ത് ആഫ്രിക്കന്‍ ടീമായ ലയണ്‍സിനെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് സിക്‌സേഴ്‌സ് സ്വന്തമാക്കിയത്. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം 22 റണ്‍സ് വഴങ്ങി ക്വിന്റണ്‍ ഡി കോക്കിന്റേതടക്കം മൂന്ന് നിര്‍ണായക വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു.

2015 ഏകദിന ലോകകപ്പിലാണ് താരം അടുത്ത കിരീടം നേടിയത്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് ഓവര്‍ പന്തെറിഞ്ഞ് 30 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.

2020 ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനൊപ്പം കിരീടം ചൂടിയ താരം 2021 ടി-20 ലോകകപ്പില്‍ ഓസീസിനൊപ്പവും കപ്പടിച്ചു.

ഐ.പി.എല്ലില്‍ ഹെയ്‌സല്‍വുഡിന്റെ പേരിലെ കിരീടനേട്ടം കുറിക്കപ്പെടുന്നത് 2021ലാണ്. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി സി.എസ്.കെ തങ്ങളുടെ നാലാം കിരീടമണിയുമ്പോള്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമായി ജോഷ് തിളങ്ങിയിരുന്നു.

ഇന്ന് പഞ്ചാബ് കിങ്‌സിനെതിരായ ഫൈനല്‍ മത്സരം നടക്കുന്ന ഇതേ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഒരുലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ട് കങ്കാരുക്കള്‍ ആറാം തവണയും വിശ്വ വിജയികളാകുമ്പോള്‍ ഇന്ത്യയുടെ പതനത്തില്‍ ഹെയ്‌സല്‍വുഡും കാരണക്കാരനായിരുന്നു. മത്സരത്തില്‍ രവീന്ദ്ര ജജേഡയുടെയും സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.

കളിച്ച ഫൈനലിലൊന്നും പരാജയപ്പെടാതെ ഇപ്പോള്‍ ഏഴാം കിരീടപ്പോരാട്ടത്തിനാണ് ഓസ്‌ട്രേലിയന്‍ കരുത്തന്‍ കളത്തിലിറങ്ങുന്നത്. ഹെയ്‌സല്‍വുഡ് എന്ന ലക്ക് ഫാക്ടര്‍ തുണച്ചാല്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് കിരീടം ചൂടും.

Content Highlight: IPL 2025: Josh Hazelwood’s brilliant performance in major finals

We use cookies to give you the best possible experience. Learn more