ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ബെംഗളൂരു ക്വാളിഫയറില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതുവരെ ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ സാധിക്കാത്ത ബെംഗളൂരുവിന് കിരീടം ചൂടാന്‍ ഇനി വെറും ഒരു വിജയത്തിന്റെ ദൂരം മാത്രമാണുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 101 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇത് നാലാം തവണയാണ് ബെംഗളൂരു ഐ.പി.എല്‍ ഫൈനലില്‍ എത്തുന്നത്.
ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവച്ചത് സുയാഷ് ശര്‍മയാണ്. മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് 5.67 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. മാത്രമല്ല പരിക്കിനെ തുടര്‍ന്ന് മാറിനിന്ന ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്ഡും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
3.1 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. 6.63 എന്ന എക്കോണമിയിലാണ് താരത്തിന്റെ ബൗളിങ്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്ത പഞ്ചാബിന്റെ ജോഷ് ഇംഗ്ലിസിനേയും (4) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരേയും (2) മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ അസ്മത്തുള്ള ഒമര്‍സാസിയേയും (18) പുറത്താക്കിയത് ഹോസല്‍വുഡ്ഡാണ്.
തിരിച്ചുവരവില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ബെംഗളൂരുവിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് പേസര്‍ വഹിച്ചത്. ഇതിനെല്ലാം പുറമെ ഫൈനലില്‍ എത്തിയ ബെംഗളൂരുവിന് കിരീടം നേടിക്കൊടുക്കാനും ഓസീസ് പേസര്‍ക്ക് സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
അതിനെല്ലാം കാരണം താരത്തിനുള്ള ഒരു പ്രത്യേകതയാണ്. ക്രിക്കറ്റില്‍ ഇതുവരെ ഹേസല്‍വുഡ് കളിച്ച ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലും ടീം പരാജയപ്പെട്ടിട്ടില്ല. 2012ല്‍ സി.എല്‍.ടി20യില്‍ സിഡ്ണി സിക്‌സേഴ്‌സിന് വേണ്ടിയാണ് ജോഷ് ആദ്യ ഫൈനല്‍ നേടുന്നത്. പിന്നീട് 2015ല്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ലോകകപ്പ്, 2020ല്‍ സിഡ്ണി സിക്‌സേഴ്‌സിന് വേണ്ടി ബി.ബി.എല്‍ കിരീടം, 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഐ.പി.എല്‍ കിരീടം, 2021ല്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടി-20 ലോകകപ്പ്, 2023ല്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഏകദിന ലോകകപ്പ് എന്നിങ്ങനെയാണ് ജോഷിന്റെ കിരീടയാത്രകള്‍. ഇപ്പോള്‍ ബെംഗളൂരുവിന് വേണ്ടി കന്നി കിരീടം നേടാന്‍ ഹേസല്‍വുഡ്ഡിന് സാധിക്കുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.
നിലവില്‍ ബെംഗളൂരുവിന് വേണ്ടി 11 മത്സരത്തില്‍ നിന്ന് 8.30 എക്കോണമിയില്‍ 21 വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ജോഷിന് സാധിച്ചു. ഐ.പി.എല്ലില്‍ 38 മത്സരങ്ങളില്‍ നിന്ന് 56 വിക്കറ്റുകളാണ് താരം നേടിയത്.
മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 50 കടക്കും മുമ്പേ നാല് പേരെയാണ് ബെംഗളൂരു ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. 17 പന്തില്‍ 26 റണ്‍സെടുത്ത് ടോപ് സ്‌കോററായ മാര്‍ക്കസ് സ്റ്റോയ്‌നിസാണ് സ്‌കോര്‍ ബോര്‍ഡ് കുറച്ചെങ്കിലും ചലിപ്പിച്ചത്. താരത്തിന് പുറമെ പ്രഭ്‌സിമ്രാന്‍ സിങ് (10 പന്തില്‍ 18 ), അസ്മത്തുള്ള ഒമര്‍സായി (12 പന്തില്‍ 18) എന്നിവര്‍ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. മൂന്ന് വിക്കറ്റ് നേടിയ സുയാഷ് ശര്‍മയാണ് ബൗളിങ്ങില്‍ ബെംഗളൂരിന് വേണ്ടി മിന്നും പ്രകടനം നടത്തിയത്.
പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ശ്രേയസിന്റെ ടീമിന് ഫൈനലില്‍ എത്താന്‍ ഒരു അവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററിലെ വിജയികളെ പരാജയപ്പെടുത്തിയാല്‍ പഞ്ചാബിനും കന്നി കിരീടം സ്വപനം കാണാം. ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്തും പഞ്ചാബുമാണ് ഏറ്റുമുട്ടുന്നത്.
Content Highlight: IPL 2025: Josh Hazelwood has never lost a team he played against in a final in cricket