ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ പുനരാരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. എന്നിരുന്നാലും ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നതിന് വേണ്ടി ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളിലെ കളിക്കാര്‍ ഐ.പി.എല്ലില്‍ നിന്നും വിട്ടുനിന്നേക്കും. എന്നിരുന്നാലും ചില കളിക്കാര്‍ തിരികെ ഫ്രാഞ്ചൈസികളില്‍ തിരിച്ചെത്തിയിട്ടുണ്ട്.
അത്തരത്തില്‍ വമ്പന്‍ തിരിച്ചടി ഏറ്റ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഐ.പി.എല്ലില്‍ ടീമിന്റെ ഓപ്പണര്‍ ജോസ് ബട്‌ലര്‍ മെയ് 25ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫ്രാഞ്ചൈസിയുടെ അവസാന ലീഗ് മത്സരത്തോടെ ടീം വിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. മെയ് 26ന് വെസ്റ്റ് ഇന്‍ഡീസിനോടുള്ള ദ്വിരാഷ്ട്ര പരമ്പരക്ക് വേണ്ടിയാണ് ബട്‌ലര്‍ ഗുജറാത്ത് വിടുന്നത്.
നിലവില്‍ ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഗുജറാത്ത്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റ് സ്വന്തമാക്കിയാണ് ടീം ഒന്നാം സ്ഥാനത്ത് തുടരുന്നത്. സൂപ്പര്‍താരത്തിന്റെ വിടവ് രണ്ടാം കിരീടം സ്വപ്നം കാണുന്ന ഗുജറാത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
ബട്‌ലറിന്റെ വിടവില്‍ ശ്രീലങ്കന്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിനെയാണ് ഗുജറാത്ത് ടീമില്‍ എത്തിച്ചിരിക്കുന്നത്. 75 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് മെന്‍ഡിസിനെ ഒപ്പുവെച്ചത്. മെയ് 25ന് ശേഷമാണ് താരത്തിന് ഗുജറാത്തിനൊപ്പം കളത്തില്‍ ഇറങ്ങാന്‍ സാധിക്കുക.
ഗുജറാത്തിന് വേണ്ടി 11 മത്സരങ്ങളില്‍ നിന്ന് 500 റണ്‍സാണ് ജോസ് നേടിയത്. 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സീസണില്‍ രേഖപ്പെടുത്തി. 71.43 ആവറേജും 163.93 ബട്‌ലറിനുള്ളത്. അഞ്ച് അര്‍ധ സെഞ്ച്വറികളാണ് താരം ടീമിന് വേണ്ടി നേടിക്കൊടുത്തത്.
അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് 2025 ഐ.പി.എല്‍ വീണ്ടും ആരംഭിക്കുന്നത്. മെയ് 17ന് ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.
Content Highlight: IPL 2025: Jos Buttler to leave Gujarat Titans after 2025 IPL group stage