ഇന്ത്യ – പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ നിര്‍ത്തി വെച്ച ഐ.പി.എല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുകയാണ്. മെയ് 17നാണ് ഐ.പി.എല്‍ 2025ന്റെ ‘രണ്ടാം ഘട്ടം’ ആരംഭിക്കുന്നത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.
മെയ് 21നാണ് ആറാം കിരീടം ലക്ഷ്യം വെക്കുന്ന മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഇരു ടീമുകളും ഒരുപോലെ പ്ലേ ഓഫ് ലക്ഷ്യം വെക്കുന്നതിനാല്‍ തീ പാറുന്ന പോരാട്ടത്തിനാകും മുംബൈ സാക്ഷ്യം വഹിക്കുക.
12 മത്സരത്തില്‍ നിന്നും ഏഴ് ജയവുമായി 14 പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. അതേസമയം, ക്യാപ്പിറ്റല്‍സിനാകട്ടെ 11 മത്സരത്തില്‍ നിന്നും 13 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ് നിലയുറപ്പിച്ചിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ പ്രവേശിക്കുകയാണെങ്കില്‍ വില്‍ ജാക്‌സിന് പകരക്കാനായി സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോ ടീമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സ് താരവുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ വില്‍ ജാക്‌സ് ടീമിലേക്ക് മടങ്ങിയെത്തുമെങ്കിലും ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ ഭാഗമാകുമെന്നതിനാല്‍ നോക്ക്ഔട്ട് മത്സരങ്ങള്‍ കളിക്കാന്‍ താരത്തിന് സാധിക്കില്ല. ഇതോടെയാണ് ബെയര്‍സ്‌റ്റോയെ ടീമിലെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത്.
ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ബെയര്‍സ്റ്റോ. ഐ.പി.എല്‍ ചരിത്രത്തില്‍ 35 ശരാശരിയിലും 145+ സ്‌ട്രൈക്ക് റേറ്റിലും 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്ന് ഓപ്പണര്‍മാരില്‍ ഒരാള്‍ കൂടിയാണ് ഈ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ക്രിസ് ഗെയ്‌ലും ജോസ് ബട്‌ലറുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.
ഐ.പി.എല്ലില്‍ രണ്ട് സെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനം കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പുറത്താകാതെ നേടിയ 108 റണ്‍സാണ്.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിലേക്ക് പഞ്ചാബിനെ നയിച്ചത് ബെയര്‍സ്റ്റോയും ശശാങ്ക് സിങ്ങും ചേര്‍ന്നായിരുന്നു. ഇരുവരുടെയും കരുത്തില്‍ പഞ്ചാബ് കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ മറികടന്നിരുന്നു.
ഒമ്പത് സിക്‌സറും എട്ട് ഫോറും അടക്കം 48 പന്തില്‍ പുറത്താകാതെ 108 റണ്‍സാണ് താരം സ്വന്തമാക്കിയത്. 225.00 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക് റേറ്റ്. 28 പന്തില്‍ പുറത്താകാതെ 68 റണ്‍സാണ് ശശാങ്ക് നേടിയത്.
കരുത്തുറ്റ മുംബൈ ബാറ്റിങ് ലൈനപ്പിലേക്ക് ബെയര്‍സ്റ്റോയെത്തുമ്പോള്‍ ആറാം കിരീടമെന്ന ആരാധകരുടെ സ്വപ്‌നത്തിനും കരുത്തേറുമെന്നുറപ്പാണ്.
Content Highlight: IPL 2025: Johnny Bairstow set to Will Jacks at Mumbai Indians