| Monday, 19th May 2025, 7:57 pm

അടിച്ചെടുത്തത് 1,600 റണ്‍സ്! ടൈറ്റന്‍സിന്റെ പ്ലേ ഓഫ് പ്രവേശനത്തിന് പിന്നാലെ അഭിനന്ദനം, ഇതാ ഗുജറാത്തിന്റെ സക്‌സസ് മന്ത്ര

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുകയാണ്. ക്യാപ്പിറ്റല്‍സിന്റെ സ്വന്തം തട്ടകമായ ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിക്കരുത്തില്‍ ക്യാപ്പിറ്റല്‍സ് 200 റണ്‍സിന്റെ വിജയലക്ഷ്യം മുമ്പില്‍ വെച്ചപ്പോള്‍ സായ് സുദര്‍ശന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയോളം പോന്ന ഇന്നിങ്സിന്റെയും കരുത്തിലാണ് ടൈറ്റന്‍സ് മറുപടി പറഞ്ഞത്.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിച്ചതിനൊപ്പം റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും ടീം സ്വന്തമാക്കി. ടൈറ്റന്‍സ് ഓപ്പണര്‍ സായ് സുദര്‍ശനാണ് നിലവിലെ ഓറഞ്ച് ക്യാപ്പ് ഹോള്‍ഡര്‍. 12 മത്സരത്തില്‍ നിന്നും 21 വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതുള്ളത്.

617 റണ്‍സുമായാണ് സായ് സുദര്‍ശന്റെ കുതിപ്പ്. എന്നാല്‍ ഈ നേട്ടത്തില്‍ തമിഴ്‌നാട് സൂപ്പര്‍ താരത്തിന് ഭീഷണിയാകുന്നത് സ്വന്തം ക്യാപ്റ്റനാണ്. 12 മത്സരത്തില്‍ 601 റണ്‍സുമായി ശുഭ്മന്‍ ഗില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ്. 11 മത്സരത്തില്‍ നിന്നും 500 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറും റണ്‍വേട്ടക്കാരില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെയുണ്ട്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടോപ് ഓര്‍ഡര്‍ ടൈറ്റന്‍സിന്റേത് തന്നെയാണെന്ന് സംശയലേശമന്യേ വ്യക്തമാക്കുന്നതാണ് മൂവരുടെയും ബാറ്റിങ് പ്രകടനം. 1718 റണ്‍സാണ് ഈ മൂന്ന് താരങ്ങളും മാത്രം അടിച്ചെടുത്തത്.

ഹോസ്റ്റും കമന്റേറ്ററുമായ ജതിന്‍ സപ്രു ടൈറ്റന്‍സിന്റെ ടോപ് ഓര്‍ഡറില്‍ ഏറെ ഇംപ്രസ്ഡാണ്. ഗുജറാത്ത് ടൈറ്റന്‍സ് സീസണിലെ ഏറ്റവും മികച്ച ടീമായതില്‍ ഈ ബാറ്റിങ് യൂണിറ്റിന്റെ പങ്ക് വളരെ വലുതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

‘ബാറ്റിങ്ങില്‍ അവര്‍ ഏറെ മികച്ചാണ്. സായ്, ഗില്‍, ബട്‌ലര്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനോടകം തന്നെ 1600+ റണ്‍സ് (1700+ റണ്‍സ്) നേടിയിട്ടുണ്ട്. ഇതുകൊണ്ടാണ് ഈ സീസണില്‍  പരാജയപ്പെടുത്താന്‍ പ്രയാസമേറിയ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറിയത്. മറ്റ് ടീമുകള്‍ക്കൊന്നും അവരെ മറികടക്കാന്‍ സാധിച്ചിട്ടില്ല,’ സപ്രു പറഞ്ഞു.

മുന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫും ഈ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു.

‘മുംബൈ ഇന്ത്യന്‍സിനെതിരായ ഒറ്റ മത്സരത്തില്‍ മാത്രമാണ് അവരുടെ ബാറ്റിങ് സമ്മര്‍ദത്തിലായത്. എന്നിട്ടും അവര്‍ ആ മത്സരത്തില്‍ വിജയിച്ചു. ഗില്‍ തനിക്ക് ആവശ്യമുള്ള സ്ഥലങ്ങളിലേക്കെല്ലാം പന്ത് അടിച്ച് പറത്തുകയാണ്. സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ബൗളിങ് അറ്റാക്കിനെ നിഷ്പ്രഭമാക്കുകയാണ്,’ കൈഫ് പറഞ്ഞു.

അതേസമയം, പ്ലേ ഓഫില്‍ പ്രവേശിച്ചെങ്കിലും ടേബിള്‍ ടോപ്പേഴ്സായി നോക്ക്ഔട്ട് മത്സരങ്ങളിലേക്ക് കടക്കുക എന്നതായിരിക്കും ടൈറ്റന്‍സിന്റെ ലക്ഷ്യം. നിലവില്‍ 12 മത്സരത്തില്‍ നിന്നും 18 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ടൈറ്റന്‍സ്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടിലാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് എതിരാളികള്‍.

Content Highlight: IPL 2025: Jatin Sapru and Mohammed Kaif praises Gujarat Titans’ batting unit

Latest Stories

We use cookies to give you the best possible experience. Learn more