| Friday, 21st March 2025, 10:00 am

ടീം 289, ഇവന്‍ 39 പന്തില്‍ പുറത്താകാതെ 110, അതില്‍ 10 സിക്‌സും 9 ഫോറും; ഇത് വലിയ സിഗ്നല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ മാമാങ്കത്തിന്റെ 18ാം എഡിഷന് കൊടിയേറാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 22ന് വൈകീട്ട് 7.30ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

മാര്‍ച്ച് 24നാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളിലൊന്നാണ് ക്യാപ്പിറ്റല്‍സ്. പുതിയ സീസണില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കിരീടം നേടാനുറച്ചാണ് ക്യാപ്പിറ്റല്‍സ് കളത്തിലിറങ്ങുന്നത്.

മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് ക്യാപ്പിറ്റല്‍സ് ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്. ക്യാപ്പിറ്റല്‍സിന്റെ പ്രാക്ടീസ് മാച്ചില്‍ സൂപ്പര്‍താരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ സെഞ്ച്വറിയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

39 പന്തില്‍ പുറത്താകാതെ 110 റണ്‍സാണ് താരം നേടിയത്. 10 സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മക്ഗൂര്‍ക്കിന്റെ സെഞ്ച്വറി കരുത്തില്‍ 289 റണ്‍സാണ് ടീം അടിച്ചെടുത്തത്.

താരത്തിന്റെ വെടിക്കെട്ടിന്റെ ഗ്ലിംപ്‌സ് വീഡിയോ ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത എക്‌സപ്ലോസീവ് ബാറ്റിങ് പ്രകടനത്തിന് പിന്നാലെയാണ് ജേക് ഫ്രേസര്‍ ആരാധകര്‍ക്കിടയില്‍ പരിചിതനായത്. ഒമ്പത് മത്സരത്തില്‍ നിന്നും 36.67 ശരാശരിയില്‍ 330 റണ്‍സാണ് താരം സ്വന്തമാക്കിയത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 234.04ഉം!! നാല് അര്‍ധ സെഞ്ച്വറികളാണ് കഴിഞ്ഞ സീസണില്‍ താരം സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര താരത്തിന്റെ ഫോമിനെ കുറിച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

‘ജേക് പൂര്‍ണമായും ഫോം ഔട്ടാണ്, കഴിഞ്ഞ ഐ.പി.എല്‍ സീസണിന് ശേഷം റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അവന്‍ പല വേദികളിലും കളിച്ചെങ്കിലും എവിടെയും അവന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ സീസണില്‍ അവന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ദല്‍ഹി ക്യാപ്പിറ്റല്‍സ് അവനെ പിന്തുണയ്ക്കാനുള്ള കാരണവും ഇതുതന്നെയാണ്. എന്നാല്‍ അവന്‍ റണ്‍സ് നേടുന്നില്ലെങ്കില്‍ എന്ത് കാര്യമാണുള്ളത്?,’ എന്നാണ് ചോപ്ര ചോദിച്ചത്.

ഇതിനുള്ള മറുപടി കൂടിയാണ് താരം പ്രാക്ടീസ് മാച്ചില്‍ നല്‍കിയത്.

ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ആര്‍.ടി.എമ്മിലൂടെ ദല്‍ഹി തിരിച്ചെത്തിച്ച താരമാണ് മക്ഗൂര്‍ക്. ഒമ്പത് കോടി നല്‍കിയാണ് ക്യാപ്പിറ്റല്‍സ് ഓസ്‌ട്രേലിയന്‍ യുവരക്തത്തെ കോട്‌ലയില്‍ നിലനിര്‍ത്തിയത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് സ്‌ക്വാഡ് 2025

കെ.എല്‍. രാഹുല്‍, ജേക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കരുണ്‍ നായര്‍, അഭിഷേക് പോരല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സമീര്‍ റിസ്വി, അശുതോഷ് ശര്‍മ്മ, മോഹിത് ശര്‍മ, ഫാഫ് ഡു പ്ലെസി, മുകേഷ് കുമാര്‍, ദര്‍ശന്‍ നാല്‍ക്കണ്ഡേ, വിപ്രജ് നിഗം, ദുഷ്മന്ത ചമീര, ഡോണോവന്‍ ഫെരേര, അജയ് മണ്ഡല്‍, മന്‍വന്ത് കുമാര്‍, ത്രിപുരാണ വിജയ്, മാധവ് തിവാരി.

Content Highlight: IPL 2025: Jake Fraser-McGurk’s explosive batting performance in practice match

We use cookies to give you the best possible experience. Learn more