| Thursday, 10th April 2025, 4:09 pm

ലെജന്‍ഡ്‌സ് ലീഗില്‍ പോലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല; ഐ.പി.എല്ലിന്റെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏപ്രില്‍ എട്ടിന് പഞ്ചാബും ചെന്നൈയും തമ്മിലുള്ള മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തില്‍ ചെന്നൈ എട്ട് ക്യാച്ചുകളാണ് പാഴാക്കിയത്. മത്സരത്തിലെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സംസാരിച്ചിരുന്നു. ഫീല്‍ഡിങ് പിഴവ് തോല്‍വിയുടെ കാരണമായെന്ന് താരം പറഞ്ഞിരുന്നു.

ഇതോടെ ഐ.പി.എല്ലില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും നിലവാര തകര്‍ച്ച ഉണ്ടാകുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത്. പഞ്ചാബും ചെന്നൈയും തമ്മിലുള്ള മത്സര ശേഷം ആണ് പത്താന്‍ തന്റെ അഭിപ്രായം എകസില്‍ പങ്കു വെക്കുകയായിരുന്നു

‘ഒരു മത്സരത്തില്‍ തന്നെ ടീം 8 ക്യാച്ച് കൈവിടുന്നു, ലെജന്റ്‌സ് ക്രിക്കറ്റ് ലീഗില്‍ പോലും ഇങ്ങനെ ക്യാച്ച് നഷ്ടപെടുത്താറില്ല,’ പത്താന്‍ എക്‌സില്‍ കുറിച്ചു.

സീസണില്‍ ഇതുവരെ ചെന്നൈ 12 ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. ഒമ്പത് ക്യാച്ച് നഷ്ടപ്പെടുത്തി പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നത് മാത്രം അല്ലാതെ ഫീല്‍ഡിങ്ങില്‍ റണ്‍സ് തടയാനും ഈ സീസണില്‍ ടീമുകള്‍ പാടുപെടുകയാണ്. 2022-24 വര്‍ഷങ്ങളില്‍ 80.4 ശതമാനം ഫീല്‍ഡിങ് നിലവാരം രേഖപ്പെടുത്തിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ ഫീല്‍ഡിങ് നിലവാരം 75 ശതമാനത്തില്‍ താഴെ മാത്രമാണ്.

അതേ സമയം ഐ.പി.എല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ബെംഗളൂരിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

സീസണില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് അക്‌സര്‍ പട്ടേലിന്റെ കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ബെംഗളൂരുവിനെതിരെ ഇറങ്ങുന്നത്. നിലവില്‍ ആറ് പോയിന്റും +1.257 നെറ്റ് റണ്‍റേറ്റുമായി ദല്‍ഹി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം മുംബൈയെ പരാജയപ്പെടുത്തിയാണ് ബെംഗുളൂരു ദല്‍ഹിക്കെതിരെ കച്ചമുറുക്കുന്നത്.

Content Highlight: IPL 2025: Irfan Pathan Talking About IPL Quality

We use cookies to give you the best possible experience. Learn more