ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്. ഐ.പി.എല്‍ 2025ല്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് രാജസ്ഥാന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ പുറത്തായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു. സീസണില്‍ മോശം തുടക്കം നേരിട്ടെങ്കിലും തുടര്‍ച്ചയായി ആറ് മത്സരം വിജയിച്ച് 14 പോയിന്റോടെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ.
സീസണിന്റെ ആദ്യ ഘട്ടത്തിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും പരാജയപ്പെട്ടാണ് മുംബൈ തുടങ്ങിയത്. ശേഷമാണ് മുംബൈ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും ആറ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിക്കുന്നതും. അതും മുംബൈ ഇന്ത്യന്‍സ് ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ ജയിക്കുന്നത്.
2008ലാണ് ഇതിന് മുമ്പ് ടീം 6 മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചത്. ഇതോടെ മുംബൈ ഇന്ത്യന്‍സിന് അഞ്ച് തവണ കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പോലും നേടാന്‍ സാധിക്കാത്ത ഒരു തകര്‍പ്പന്‍ നേട്ടമാണ് മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ സ്വന്തമാക്കിയത്.
ഹര്‍ദിക്കിന് മാത്രമാണ് മുംബൈ തുടര്‍ച്ചയായി വിജയിച്ച ആറ് മത്സരങ്ങളിലും ടീമിനെ നയിച്ച ഒരേ ഒരു ക്യാപ്റ്റന്‍ സാധിച്ചത്. 2008ല്‍ മുംബൈ ഇന്ത്യന്‍സ് ഈ നേട്ടം കൈവരിക്കുമ്പോള്‍ ടീമിനെ നയിച്ചത് രണ്ട് ക്യാപ്റ്റന്മാരായിരുന്നു.
ഷോണ്‍ പൊള്ളോക്കും സച്ചിന്‍ ടെണ്ടുല്‍ക്കറും ആയിരുന്നു അന്നത്തെ ക്യാപ്റ്റന്‍മാര്‍.
തുടര്‍ച്ചയായി ജയിച്ച ആദ്യ മൂന്ന് കളികളില്‍ സച്ചിന്‍ പരിക്ക് മൂലം പുറത്തായതോടെ ഷോണ്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്ത് ടീമിനെ വിജയിപ്പിക്കുകയായിരുന്നു.