| Thursday, 8th May 2025, 12:08 pm

സിക്‌സറുകള്‍ അടിക്കാന്‍ കഴിയുന്ന, ബൗളര്‍മാരുടെ ഉള്ളില്‍ ഭയമുണ്ടാക്കുന്ന ഒരാള്‍ വേണം: ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് പന്ത് അവശേഷിക്കെ രണ്ട് വിക്കറ്റിനാണ് ചെന്നൈ വിജയിച്ചത്. ഇതോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകളും മങ്ങിയിരിക്കുകയാണ്.

ആവേശം നിറഞ്ഞ മത്സരത്തിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ചെന്നൈക്ക് വിജയം നേടാന്‍ സാധിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ഉയര്‍ത്തിയത്. എന്നാല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ചെന്നൈ.

അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ചെന്നൈക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിനെത്തിയ ആന്ദ്രെ റസലിനെ ആദ്യ പന്തില്‍ സിക്സര്‍ പറത്തി ‘തല’ ധോണി ടീമിനെ ഫിനിഷിങ് ലൈനിലേക്ക് എത്തിച്ചു. ശേഷം സിംഗിള്‍ നേടി സ്‌ട്രൈക്കിലെത്തിയ അന്‍ഷുല്‍ കാംബോജ് ഫോര്‍ നേടി ടീമിനെ വിജയിപ്പിക്കുകയായിരുന്നു. മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി 18 പന്തില്‍ 17 റണ്‍സാണ് ധോണി നേടിയത്.

മത്സര ശേഷം മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ധോണിയെക്കുറിച്ച് സംസാരിച്ചിരുന്നു. ധോണി ടൂര്‍ണമെന്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിച്ചാല്‍ എതിരാളികളായ ടീമില്‍ ബൗളര്‍മാരുടെ ഉള്ളില്‍ ഭയം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു താരത്തെ ടീമിലെത്തിക്കണമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. മാത്രമല്ല ധോണി വിരമിച്ചാലും ഫ്രാഞ്ചൈസിക്കൊപ്പം നില്‍ക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘അദ്ദേഹം പോകാന്‍ ആഗ്രഹിച്ചാല്‍ സിക്‌സറുകള്‍ അടിക്കാന്‍ കഴിയുന്ന, ബൗളര്‍മാരുടെ മനസില്‍ ഭയമുണ്ടാക്കാന്‍ കഴിയുന്ന ഒരു താരത്തെ കൊണ്ടുവരണം. ധോണി വിരമിക്കാന്‍ തീരുമാനിച്ചാല്‍, അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്സില്‍ തന്നെ തുടരണം. ഫ്രാഞ്ചൈസിയുമായി അദ്ദേഹത്തിന് ദീര്‍ഘകാല ബന്ധമുണ്ട്, അദ്ദേഹത്തിന്റെ പാരമ്പര്യം എന്നെന്നും നിലനില്‍ക്കും,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

2023ലാണ് ധോണി ചെന്നൈയെ അഞ്ചാം ഐ.പി.എല്‍ കിരീടങ്ങളിലേക്ക് നയിച്ചത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ 18ാം സീസണിന്റെ മധ്യത്തില്‍ റിതുരാജ് ഗെയ്ക്വാദ് കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ ക്യാ ക്യാപ്റ്റനായി ധോണി തിരിച്ചെത്തേണ്ടി വന്നു. എന്നാല്‍ ചെന്നൈ എക്കാലത്തെയും മോശം പ്രകടനം കാഴ്ചവെച്ചാണ് സീസണില്‍ നിന്ന് പറത്തായത്.

Content Highlight: IPL 2025: Harbhajan Singh Talking About M.S Dhoni

We use cookies to give you the best possible experience. Learn more