| Friday, 2nd May 2025, 12:19 pm

ഇത് അവരുടെ വര്‍ഷമാണ്, ആര്‍ക്കും അവരെ തൊടാന്‍ കഴിയില്ല: ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന (വ്യാഴം) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ ഐ.പി.എല്‍ 2025ല്‍ പുറത്താകുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് രാജസ്ഥാന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ പുറത്തായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ രാജസ്ഥാന്‍ 16.1 ഓവറില്‍ 117 റണ്‍സിന് പുറത്താകുകയായിരുന്നു. സീസണില്‍ മോശം തുടക്കം നേരിട്ടെങ്കിലും തുടര്‍ച്ചയായി ആറ് മത്സരം വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മുംബൈ.

ഇപ്പോള്‍ വിജയം സ്വന്തമാക്കിയ മുംബൈയെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ആറാം തവണയും ടൂര്‍ണമെന്റ് ജയിക്കാന്‍ മുംബൈക്ക് സാധിക്കുമെന്നും അല്ലാതെ മറ്റേത് ടീമിനാണ് അതിന് അര്‍ഹതയെന്നും ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറ തിരിച്ചുവരുമ്പോള്‍ ഒരു ബാഹുബലിയേപ്പോലെ അല്ലെന്നും, എന്നാല്‍ കിരീടം നേടാനുള്ള മികച്ച ടീമാണ് മുംബൈക്കുള്ളതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘ഈ വര്‍ഷം മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ ട്രോഫി നേടിയില്ലെങ്കില്‍, മറ്റേത് ഫ്രാഞ്ചൈസിയാണ് നേടുക. ജസ്പ്രീത് ബുംറ തിരിച്ചുവരുമ്പോള്‍ അദ്ദേഹം ഒരു ബാഹുബലിയെപ്പോലെയാണെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ക്ക് ബൗളിങ് ഓപ്ഷനുകളായി ബോള്‍ട്ട്, ചഹര്‍, വില്‍ ജാക്‌സ്, ഹാര്‍ദിക്, കരണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുണ്ട്. ടൂര്‍ണമെന്റ് ജയിക്കാന്‍ കഴിയുന്ന ടീം അവര്‍ക്കുണ്ട്, ഇത് അവരുടെ വര്‍ഷമാണ്. ആര്‍ക്കും അവരെ തൊടാന്‍ കഴിയില്ല, ആറാം തവണയും അവര്‍ ട്രോഫി ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.

സൂപ്പര്‍ പേസറായ ട്രെന്‍ന്റ് ബോള്‍ട്ടിന്റെയും കരണ്‍ ശര്‍മയുടെയും മിന്നും പ്രകടനത്തിലാണ് രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞത്. 2.1 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. കരണ്‍ 4 ഓവറില്‍ 23 റണ്‍സും വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി. ജസ്പ്രീത് ബുംറ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനവും നടത്തി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ദീപക് ചഹറും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

രാജസ്ഥാന്‍നിരയില്‍ ജോഫ്രാ ആര്‍ച്ചറിനു മാത്രമാണ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചത്. 27 പന്തില്‍ 33 റണ്‍സ് ആണ് താരം നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 14 കാരന്‍ വൈഭവ് സൂര്യവംശി ആദ്യ ഓവറിലെ നാലാം പന്തില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ യശസ്വി ജെയ്‌സ്വാള്‍ 13 റണ്‍സ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 16 റണ്‍സിനും കൂടാരം കയറിയതോടെ രാജസ്ഥാനിനെ സമ്മര്‍ദം വരിഞ്ഞുമുറുക്കുകയായിരുന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

മുംബൈയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് ഓപ്പണര്‍മാരായ റയാന്‍ റിക്കിള്‍ട്ടനും രോഹിത് ശര്‍മയും കാഴ്ചവെച്ചത്. രോഹിത് 36 പന്തില്‍ 53 റണ്‍സ് നേടി പരാഗിന്റെ ഇരയായപ്പോള്‍ റയാന്‍ 38 പന്തില്‍ 61 റണ്‍സും നേടി. ശേഷം ഇറങ്ങിയ സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 23 പന്തില്‍ 48 റണ്‍സ് വീതം നേടി ശക്തമായി തിരിച്ചടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Content Highlight: IPL 2025: Harbhajan Singh Praises Mumbai Indians

We use cookies to give you the best possible experience. Learn more