| Thursday, 17th April 2025, 8:15 am

നിങ്ങള്‍ ഉസൈന്‍ ബോള്‍ട്ടല്ല, ഗെയിം സെന്‍സ് ഇല്ലാത്തവര്‍; രാജസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിജയം സ്വന്തമാക്കി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് വിജയിച്ചുകയറിയത്. ഈ ജയത്തിന് പിന്നാലെ ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി അഞ്ച് വിക്കറ്റില്‍ ഉയര്‍ത്തിയ 188 രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ നേടുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ഷിംറോണ്‍ ഹെറ്റ്മെയറും റിയാന്‍ പരാഗുമാണ് രാജസ്ഥാന് വേണ്ടി ക്രീസിലെത്തിയത്.

അവസാന ഓവറില്‍ ഒമ്പത് റണ്‍സ് ഡിഫന്‍ഡ് ചെയ്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ അക്സര്‍ പട്ടേല്‍ പന്തേല്‍പ്പിച്ചു. ആദ്യ പന്ത് ഡോട്ടാക്കി മാറ്റിയെങ്കിലും രണ്ടാം പന്തില്‍ സ്റ്റാര്‍ക്ക് ഫോര്‍ വഴങ്ങി. മൂന്നാം പന്തില്‍ സിംഗിള്‍ നേടിയ ഹെറ്റ്മെയര്‍ സ്ട്രൈക്ക് പരാഗിന് കൈമാറുകയും നാലാം പന്തില്‍ താരം ബൗണ്ടറി നേടുകയും ചെയ്തു.

എന്നാല്‍ നാലാം പന്ത് നോ ബോളായി മാറി. എന്നാല്‍ ഫ്രീ ഹിറ്റ് ഡെലിവെറിയിലെ മണ്ടത്തരത്തില്‍ റിയാന്‍ പരാഗ് റണ്‍ ഔട്ടായി മടങ്ങി. യശസ്വി ജെയ്സ്വാളാണ് ശേഷം ക്രീസിലെത്തിയത്. അഞ്ചാം പന്തില്‍ ഷോട്ട് കളിച്ചതോടെ രണ്ട് റണ്‍സ് ഓടിയെടുക്കാനായി രാജസ്ഥാന്റെ ശ്രമം. വിജയകരമായി ആദ്യ റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

ഇതോടെ ആറ് പന്ത് പൂര്‍ത്തിയാക്കാതെ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കുകയും 12 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹിക്ക് മുമ്പില്‍ വെക്കുകയും ചെയ്തു. ക്യാപ്പിറ്റല്‍സിനായി ട്രിസ്റ്റണ്‍ സ്റ്റബ്സും കെ.എല്‍. രാഹുലുമാണ് ക്രീസിലെത്തിയത്. രാജസ്ഥാനായി സന്ദീപ് ശര്‍മ പന്തെറിയാനെത്തി.

ആദ്യ പന്തില്‍ റണ്‍ ഔട്ട് ചാന്‍സുണ്ടായിരുന്നെങ്കിലും റോയല്‍സിന് അത് മുതലാക്കാന്‍ സാധിച്ചില്ല. ആദ്യ പന്തില്‍ രണ്ട് റണ്‍സ് പിറവിയെടുത്തു. ഓവറിലെ രണ്ടാം പന്തില്‍ ഫോര്‍ നേടിയ കെ.എല്‍. രാഹുല്‍ വിജയലക്ഷ്യം നാല് പന്തില്‍ ആറ് റണ്‍സാക്കി മാറ്റി. മൂന്നാം പന്തില്‍ സിംഗിള്‍ നേടി രാഹുല്‍ സ്ട്രൈക്ക് സ്റ്റബ്സിന് കൈമാറുകയും നേരിട്ട ആദ്യ പന്തില്‍ സിക്സര്‍ നേടി സ്റ്റബ്സ് വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്റെ മോശം പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

‘സൂപ്പര്‍ ഓവര്‍ നേരിടേണ്ടി വരുമ്പോള്‍ ആരാണ് തിരിഞ്ഞു നോക്കുന്നത്? റിയാന്‍ പരാഗ് ഒരു സിംഗിള്‍ എടുക്കുന്നതിനുപകരം പന്ത് നോക്കിനിന്നു. ജെയ്സ്വാള്‍ റണ്‍ ഔട്ടായി. നിങ്ങള്‍ ഉസൈന്‍ ബോള്‍ട്ടൊന്നുമല്ല. രാജസ്ഥാന്‍ ബാറ്റര്‍മാരില്‍ നിന്ന് ഒരു ഗെയിം സെന്‍സും ഉണ്ടായിരുന്നില്ല. സൂപ്പര്‍ ഓവറില്‍ അവരുടെ രണ്ട് ബാറ്റര്‍മാരും റണ്‍ ഔട്ടായി. ഒരു നല്ല ടീമായി മാറാന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുക്കുന്ന നിരവധി യുവതാരങ്ങള്‍ രാജസ്ഥാനിലുണ്ട്. അവരെ നയിക്കാന്‍ മുതിര്‍ന്ന കളിക്കാരുണ്ട്,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Content Highlight: IPL 2025: Harbhajan Singh Criticize Rajasthan Royals Bad Performance Against Delhi In Super Over

Latest Stories

We use cookies to give you the best possible experience. Learn more