| Saturday, 29th March 2025, 11:48 pm

ഗര്‍ജിച്ച് ഗുജറാത്ത്; മുംബൈയെ ചാരമാക്കി സീസണിലെ ആദ്യ വിജയം തൂക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ വിജയം.
ടൈറ്റന്‍സിന്റെ തട്ടകമായ അഹമ്മദാബാദില്‍ 36 റണ്‍സിനാണ് ഗുജറാത്ത് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇതോടെ തങ്ങളുടെ രണ്ടാം തോല്‍വിയും മുംബൈ ഏറ്റുവാങ്ങേണ്ടി വന്നു.

തുടക്കത്തില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് ഗുജറാത്ത് മുംബൈക്ക് നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുഹമ്മദ് സിറാജിന്റെ നാലാം പന്തില്‍ രോഹിത് ശര്‍മയെ ബൗള്‍ഡാക്കിയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. നാല് പന്തില്‍ നിന്ന് രണ്ട് ഫോര്‍ അടക്കം എട്ട് റണ്‍സായിരുന്നു രോഹിത് നേടിയത്. 80ാം തവണയാണ് രോഹിത് സിംഗിള്‍ ഡിജിറ്റില്‍ പുറത്താകുന്നത്.

മത്സരത്തിലെ നാലാം ഓവറില്‍ റിയാന്‍ റിക്കല്‍ട്ടനെ ആറ് റണ്‍സിന് പുറത്താക്കി സിറാജ് രണ്ടാം വിക്കറ്റും നേടി. സൂര്യകുമാര്‍ യാദവ് നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 48 റണ്‍സും തിലക് വര്‍മ 39 റണ്‍സും നേടി മിന്നും പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 11 റണ്‍സിനും കൂടാരം കയറി. അവസാന ഘട്ടത്തില്‍ നമന്‍ ധിറും മിച്ചല്‍ സാന്റ്‌നറും 18 റണ്‍സ് നേടി. പക്ഷെ മറ്റാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാദിച്ചില്ല.

ഗുജറാത്തിന് വേണ്ടി സിറാജ്, പ്രസീത് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കഗീസോ റബാദ സായി കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഗുജറാത്തിന് വേണ്ടി മിന്നും പ്രടകനം കാഴ്ചവെച്ചത് ഓപ്പണര്‍ സായി സുദര്‍ശനാണ് 41 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 63 റണ്‍സാണ് താരം നേടിയത്. ട്രെന്റ് ബോള്‍ട്ടിനിന്റെ എല്‍.ബി.ഡബ്ല്യുവിലാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഗുജറാത്തിന് ആദ്യ നഷ്ടപ്പെട്ടത്. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ നമന്‍ ധിറിന്റെ കയ്യിലാകുകയായിരുന്നു.

27 പന്തില്‍ നിന്ന് 38 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ജോസ് ബട്ലര്‍ 24 പന്തില്‍ 39 റണ്‍സുമായി പുറത്തായപ്പോള്‍ 18 റണ്‍സ് നേടിയ ഷര്‍ഫേന്‍ റൂതര്‍ഫോഡിനല്ലാതെ മറ്റാര്‍ക്കും റണ്‍സ് ഉയര്‍ത്താന്‍ സാധിച്ചില്ല. മുംബൈക്ക് വേണ്ടി ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍, മുജീബ് ഉര്‍ റഹ്‌മാന്‍, എസ്. രാജു എന്നിവര്‍ ഓരോ വിക്കറ്റും നേടിയരുന്നു.

Content Highlight: IPL 2025: Gujarat Titans Won Against Mumbai Indians

We use cookies to give you the best possible experience. Learn more