| Wednesday, 7th May 2025, 12:47 am

അബ്‌സല്യൂട്ട് സിനിമ; മഴയില്‍ ഒലിച്ചുപോകാത്ത ആവേശം, അവസാന പന്തില്‍ മുംബൈയെ പരാജയപ്പെടുത്തി ടൈറ്റന്‍സ്, ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഡി.എല്‍.എസ് നിയമത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ റിയാന്‍ റിക്കല്‍ടണ്‍ തിരിച്ചുനടന്നപ്പോള്‍ ഒറ്റയക്കത്തിന് രോഹിത് ശര്‍മയും പുറത്തായി.

മൂന്നാം വിക്കറ്റില്‍ വില്‍ ജാക്‌സും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 71 റണ്‍സ് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു.

ടീം സ്‌കോര്‍ 97ല്‍ നില്‍ക്കവെ സൂര്യയെ മടക്കി സായ് കിഷോര്‍ ബ്രേക് ത്രൂ നല്‍കി. 24 പന്തില്‍ 35 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം. അധികം വൈകാതെ വില്‍ ജാക്‌സും പുറത്തായി. 35 പന്തില്‍ 53 റണ്‍സുമായി നില്‍ക്കവെ റാഷിദ് ഖാനാണ് ജാക്‌സിനെ പുറത്താക്കിയത്.

ഹര്‍ദിക് പാണ്ഡ്യയും നമന്‍ ധിറും തിലക് വര്‍മയുമടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 22 പന്തില്‍ 27 റണ്‍സ് നേടിയ കോര്‍ബിന്‍ ബോഷാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്.

മൂന്ന് താരങ്ങളൊഴികെ കളത്തിലിങ്ങിയ ഒറ്റ മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ക്ക് പോലും ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155ലെത്തി.

ടൈറ്റന്‍സിനായി പന്തെറിഞ്ഞ എല്ലാവരും തന്നെ വിക്കറ്റ് വീഴ്ത്തി. രവിശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ട് മുംബൈ താരങ്ങളെ മടക്കിയപ്പോള്‍ ജെറാള്‍ഡ് കോട്സിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിനും തുടക്കം പാളി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി സൂപ്പര്‍ താരം സായ് സുദര്‍ശന്‍ പുറത്തായയി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

റണ്ണെടുക്കാന്‍ ബാറ്റര്‍മാര്‍ പാടുപെട്ട പിച്ചില്‍ പാടുപെട്ടെങ്കിലും ജോസ് ബട്‌ലറും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ടീമിനെ താങ്ങി നിര്‍ത്തിയ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 12ാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ 78ല്‍ നില്‍ക്കവെ ബട്‌ലറിനെ മടക്കി അശ്വിനി കുമാറാണ് മുംബൈയ്ക്ക് ബ്രേക് ത്രൂ സമ്മാനിച്ചത്. 27 പന്തില്‍ 30 റണ്‍സാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.

ഇതിനിടെ മോശം കാലാവസ്ഥ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടിയായേക്കുമെന്ന സാഹചര്യത്തില്‍ ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ എട്ടാം ഓവറും നിര്‍ണായകമായി. മൂന്ന് വൈഡും രണ്ട് നോ ബോളുമടക്കം 11 പന്തുകളെറിഞ്ഞ ഓവറില്‍ 18 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്.

ബട്‌ലറിന് പിന്നാലെ ക്രീസിലെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് മികച്ച പ്രകടനവുമായി തിളങ്ങി. ടൈറ്റന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതും റൂഥര്‍ഫോര്‍ഡിന്റെ പ്രകടനമായിരുന്നു.

14ാം ഓവറിന് ശേഷം മഴയെത്തിയതിന് പിന്നാലെ മത്സരം കുറച്ചുസമയം തടസ്സപ്പെട്ടിരുന്നു. എന്നാല്‍ മത്സരം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ ശുഭ്മന്‍ ഗില്ലിനെ മടക്കി ബുംറ മുംബൈയുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി. 46 പന്തില്‍ 43 റണ്‍സുമായാണ് ഗില്‍ മടങ്ങിയത്.

തൊടട്ടുത്ത ഓവറില്‍ റൂഥര്‍ഫോര്‍ഡിനെയും പുറത്താക്കി ട്രെന്റ് ബോള്‍ട്ട് ടൈറ്റന്‍സിന് മേല്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. 15 പന്തില്‍ 28 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ടൈറ്റന്‍സിന്റെ ഇംപാക്ട് പ്ലെയര്‍ മടങ്ങിയത്. ശേഷമെത്തിയ ഷാരൂഖ് ഖാനും റാഷിദ് ഖാനും വന്നതുപോലെ മടങ്ങി.

18ാം ഓവറിന് പിന്നാലെ വീണ്ടും മഴയെത്തിയതോടെ മത്സരം ഒരിക്കല്‍ക്കൂടി തടസ്സപ്പെട്ടു. ഈ സമയം, 132/6 എന്ന നിലയിലായിരുന്നു ടൈറ്റന്‍സ്. ഡി.എല്‍.എസ് നിമയം മൂലം ജയിക്കാന്‍ 137 റണ്‍സായിരുന്നു ടൈറ്റന്‍സിന് 18ാം ഓവര്‍ അവസാനിക്കുമ്പോള്‍ വേണ്ടിയിരുന്നത്.

മഴയ്ക്ക് പിന്നാലെ ഒരു ഓവറില്‍ 15 റണ്‍സ് എന്ന നിലയിലേക്ക് ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചു. ദീപക് ചഹര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ രാഹുല്‍ തെവാട്ടിയ ഫോര്‍ നേടുകയും രണ്ടാം പന്തില്‍ തെവാട്ടിയ സിംഗിള്‍ നേടി സ്‌ട്രൈക് ജെറാള്‍ഡ് കോട്‌സിയക്ക് കൈമാറുകയും ചെയ്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയ പ്രോട്ടിയാസ് താരം മൂന്ന് പന്തില്‍ നാല് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു.

ഓവറിലെ നാലാം പന്തില്‍ ഗുജറാത്ത് സിംഗിള്‍ നേടി. ഇതിനൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ നെഞ്ചില്‍ ഇടിത്തീവെട്ടി ആ പന്ത് നോ ബോളായി മാറുകയും ചെയ്തു. ഫ്രീ ഹിറ്റില്‍ സിംഗിള്‍ നേടിയെങ്കിലും അഞ്ചാം പന്തില്‍ കോട്‌സിയ പുറത്തായി. അവസാന പന്തില്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ ടൈറ്റന്‍സ് സിംഗിള്‍ നേടുകയും മത്സരം വിജയിക്കുകയുമായിരുന്നു.

Content Highlight: IPL 2025: Gujarat Titans defeated Mumbai Indians

We use cookies to give you the best possible experience. Learn more