ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചരമഗീതം പാടി ഗുജറാത്ത് ടൈറ്റന്‍സ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ 39 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ 198 റണ്‍സ് നേടി. 199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സായ് സുദര്‍ശനും ടൈറ്റന്‍സ് സ്‌കോര്‍ ബോര്‍ഡിന് അടിത്തറയൊരുക്കിയത്.
13ാം ഓവറിലെ രണ്ടാം പന്തില്‍ സായ് സുദര്‍ശന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈകളിലൊതുങ്ങും മുമ്പേ 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 36 പന്ത് നേരിട്ട് 52 റണ്‍സുമായാണ് സായ് സുദര്‍ശന്‍ മടങ്ങിയത്. ആന്ദ്രേ റസലാണ് വിക്കറ്റ് നേടിയത്.
സായ് സുദര്‍ശന്‍ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ജോസ് ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ സായ് സുദര്‍ശനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുമായി തിളങ്ങിയ ഗില്‍ രണ്ടാം വിക്കറ്റില്‍ ജോസ് ബട്‌ലറിനൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 172ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ മടക്കി വൈഭവ് അറോറയാണ് കൂട്ടുകെട്ട് പൊളിച്ചത്. 55 പന്തില്‍ 90 റണ്‍സുമായാണ് ഗില്‍ തിരിച്ചുനടന്നത്. പത്ത് ഫോറും മൂന്ന് സിക്സറും അടക്കം 163.64 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
പിന്നാലെയെത്തിയ വമ്പനടിവീരന്‍ രാഹുല്‍ തെവാട്ടിയ സില്‍വര്‍ ഡക്കായി മടങ്ങി. ഹര്‍ഷിത് റാണയുടെ പന്തില്‍ രമണ്‍ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെയെത്തിയ ഷാരൂഖ് ഖാനെ ഒപ്പം കൂട്ടി ബട്‌ലര്‍ സ്‌കോര്‍ 200 കടത്താന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
ബട്‌ലര്‍ 23 പന്തില്‍ 41 റണ്‍സും ഷാരൂഖ് ഖാന്‍ അഞ്ച് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ, ഹര്‍ഷിത് റാണ, ആന്ദ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടക്കത്തിലേ പിഴച്ചു. പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ അഫ്ഗാന്‍ കരുത്തന്‍ റഹ്‌മാനുള്ള ഗുര്‍ബാസ് തീര്‍ത്തും നിരാശനാക്കി. നാല് പന്തില്‍ ഒരു റണ്‍സടിച്ചാണ് താരം പുറത്തായത്.
രണ്ടാം നമ്പറില്‍ സുനില്‍ നരെയ്‌നെ കൂട്ടുപിടിച്ച് കൗണ്ടര്‍ അറ്റാക്കിന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കളമൊരുക്കിയെങ്കിലും അധികം വൈകാതെ ട്രിനിഡാഡന്‍ സൂപ്പര്‍ ഓള്‍ റൗണ്ടറെ മടക്കി ടൈറ്റന്‍സ് കൈവശമുണ്ടായിരുന്ന മൊമെന്റം കൈവിടാതെ കാത്തു. 13 പന്തില്‍ 17 റണ്‍സാണ് താരം നേടിയത്.
ആരാധകര്‍ പ്രതീക്ഷ വെച്ച വെങ്കിടേഷ് അയ്യര്‍ 19 പന്ത് നേരിട്ട് വെറും 14 റണ്‍സുമായി മടങ്ങി.
അതേസമയം, ക്രീസില്‍ ഉറച്ചുനിന്ന അജിന്‍ക്യ രഹാനെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കേണ്ട ചുമതല സ്വയമേറ്റെടുത്തു. എന്നാല്‍ സീസണിലെ മൂന്നാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ രഹാനെയും മടങ്ങി. 36 പന്തില്‍ 50 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആന്ദ്രേ റസല്‍ 15 പന്തില്‍ 21 റണ്‍സടിച്ച് മടങ്ങിയപ്പോള്‍ രമണ്‍ദീപ് സിങ് ഒരു റണ്ണിനും മോയിന്‍ അലി സില്‍വര്‍ ഡക്കായും പുറത്തായി.
റിങ്കു സിങ് 14 പന്തില്‍ 17 റണ്‍സുമായെങ്കിലും ഇംപാക്ട് പ്ലെയറായെത്തിയ ആംഗ്രിഷ് രഘുവംശി ചെറുത്തുനിന്നു. എന്നാല്‍ ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങിയ താരം 13 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയെങ്കിലും സമയം ഏറെ അതിക്രമച്ചിരുന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 159ലൊതുങ്ങി.
ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: IPL 2025: Gujarat Titans defeated Kolkata Knight Riders