| Thursday, 5th June 2025, 8:03 am

ഇതാദ്യമായല്ല, 2022ല്‍ കിരീടം നേടാന്‍ സാധിക്കാതെ പോയ രാജസ്ഥാന്‍ റോയല്‍സിലും ഇതുപോലെ രണ്ട് താരങ്ങളുണ്ടായിരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐ.പി.എല്‍ കിരീടം ശിരസിലണിഞ്ഞിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആറ് റണ്‍സിന് പഞ്ചാബ് കിങ്സിനെ തകര്‍ത്താണ് വിരാട് കോഹ്‌ലിയും സംഘവും തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

ഇത്തവണ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ക്കുതന്നെ കിരീടസാധ്യത കല്‍പ്പിച്ച ടീമുകളില്‍ പ്രധാനികളായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. എന്നാല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് പുറത്താകാനായിരുന്നു മുന്‍ ചാമ്പ്യന്‍മാരുടെ വിധി.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടക്കത്തിലേ മടങ്ങിയതും ജോസ് ബട്‌ലറിന് പകരക്കാരനായെത്തിയ കുശാല്‍ മെന്‍ഡിസിന് തിളങ്ങാന്‍ സാധിക്കാതെ പോയതും എലിമിനേറ്ററില്‍ ടൈറ്റന്‍സിന്റെ പരാജയ കാരണമായി അടയാളപ്പെടുത്തപ്പെട്ടു. ഗില്‍ രണ്ട് പന്തില്‍ ഒരു റണ്‍സിന് പുറത്തായപ്പോള്‍ പത്ത് പന്തില്‍ 20 റണ്‍സടിച്ചാണ് മെന്‍ഡിസ് മടങ്ങിയത്.

കിരീടമില്ലാതെ മടങ്ങിയെങ്കിലും റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും ടൈറ്റന്‍സ് താരങ്ങള്‍ സ്വന്തമാക്കിയിരുന്നു. 15 മത്സരത്തില്‍ നിന്നും 54.21 ശരാശരിയില്‍ 759 റണ്‍സടിച്ച് സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ്പ് നേടിയപ്പോള്‍ 19.52 ശരാശരിയില്‍ 25 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ ടൂര്‍മെന്റിലെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനുമായി.

ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും ഒന്നിച്ച് സ്വന്തമാക്കുന്ന ടീം എന്ന റെക്കോഡിലേക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് ഇതോടെ ഒരിക്കല്‍ക്കൂടി കാലെടുത്ത് വെച്ചത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് അഞ്ചാം തവണ മാത്രമാണ് ഒരേ ടീമില്‍ നിന്നും വിക്കറ്റ് വേട്ടക്കാരനും റണ്‍ വേട്ടക്കാരനും പിറവിയെടുക്കുന്നത്.

എന്നാല്‍ ഈ അഞ്ച് തവണയും ഈ ടീമുകള്‍ക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയി എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

ഇത് രണ്ടാം തവണയാണ് ടൈറ്റന്‍സിന്റെ പേരില്‍ ഈ നേട്ടം കുറിക്കപ്പെടുന്നത്. 2023ല്‍ ശുഭ്മന്‍ ഗില്‍ റണ്‍വേട്ടക്കാരിലും മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെട്ട് ടീം പോരാട്ടം അവസാനിപ്പിച്ചു.

2022ല്‍ രാജസ്ഥാന്‍ റോയല്‍സും 2017ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമടക്കമുള്ള ടീമുകള്‍ ഡബിള്‍ മൈല്‍സ്‌റ്റോണ്‍ സ്വന്തമാക്കിയെങ്കിലും കിരീടമില്ലാതെ സീസണ്‍ അവസാനിപ്പിച്ചിരുന്നു.

ഓറഞ്ച് ക്യാപ്പുമായി ബട്‌ലറും പര്‍പ്പിള്‍ ക്യാപ്പുമായി ചഹലും

കിരീടമില്ലാതെ ഒരു സീസണില്‍ ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയ ടീമുകള്‍

(ടീം – ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരം (റണ്‍സ്) – പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ താരം (വിക്കറ്റ്) – വര്‍ഷം എന്നീ ക്രമത്തില്‍)

ചെന്നൈ സൂപ്പര്‍ കിങ്‌സ് – മൈക്കല്‍ ഹസി (733) – ഡ്വെയ്ന്‍ ബ്രാവോ (32) – 2013

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഡേവിഡ് വാര്‍ണര്‍ (641) – ഭുവനേശ്വര്‍ കുമാര്‍ (26) – 2017

രാജസ്ഥാന്‍ റോയല്‍സ് – ജോസ് ബട്‌ലര്‍ (863) – യൂസ്വേന്ദ്ര ചഹല്‍ (27) – 2022

ഗുജറാത്ത് ടൈറ്റന്‍സ് – ശുഭ്മന്‍ ഗില്‍ (890) – മുഹമ്മദ് ഷമി (28) – 2023

ഗുജറാത്ത് ടൈറ്റന്‍സ് – സായ് സുദര്‍ശന്‍ (759) – പ്രസിദ്ധ് കൃഷ്ണ (25) – 2025*

Content Highlight: IPL 2025: Gujarat Titans among teams to win both Orange Cap and Purple Cap in same season

Latest Stories

We use cookies to give you the best possible experience. Learn more