ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഗില്ലിനും സംഘത്തിനും സാധിച്ചു.
ടോസ് നഷ്ടെപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയത് 224 റണ്‍സായിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റിന് 186 റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ജോസ് ബട്ലറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് ജയം നേടിയത്. ഓപ്പണര്‍മാരായ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഗംഭീര തുടക്കമാണ് ഗുജറാത്തിന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
പവര്‍ പ്ലേയില്‍ 82 റണ്‍സിന്റെ മിന്നും പ്രകടനം കാഴ്ചവെക്കാനും ഗുജറാത്തിന് സാധിച്ചു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ടീമിന് സാധിച്ചു. പവര്‍ പ്ലേയില്‍ ഗുജറാത്ത് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
82/0 – ഹൈദരാബാദ് – 2025*
78/0 – ലഖ്‌നൗ – 2023
67/1 – ദല്‍ഹി – 2025
സായി 23 പന്തില്‍ 48 റണ്‍സുമായി മടങ്ങിയപ്പോള്‍ ഗില്ലും ജോസ് ബട്‌ലറും തകര്‍ത്തടിക്കുകയായിരുന്നു. 37 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 64 റണ്‍സ് നേടി ബട്‌ലര്‍ പുറത്തായപ്പോള്‍ ഗില്‍38 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് നേടിയത്.
ഏഴാം ഓവറില്‍ മികച്ച ബാറ്റിങ്ങുമായി ക്രീസില്‍ തുടര്‍ന്ന സായ് സുദര്‍ശനെ പുറത്താക്കി സീഷന്‍ അന്‍സാരിയാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ബട്ലറിനെ കൂട്ടി ഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തി.
ഹൈദരാബാദിനായി ജയദേവ് ഉനകട്ട് നാല് ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. പാറ്റ് കമ്മിന്‍സും സീഷന്‍ അന്‍സാരിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഹൈദരാബാദിന് വേണ്ടി അഭിഷേക് ശര്‍മയാണ് മികച്ച പ്രകടനം നടത്തിയത്. 41 പന്തില്‍ ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് നേടിയത്. ട്രാവിസ് ഹെഡ് (20), ഇഷാന്‍ കിഷന്‍, (13), ഹന്റിച്ച് ക്ലാസന്‍ (23), നിതീഷ് കുമാര്‍ റെഡ്ഡി (21*) എന്നിവരാണ് ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്.
ഗുജറാത്തിനായി പ്രസീദ് കൃഷ്ണ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മയും ജെറാള്‍ഡ് കോഡ്‌സിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: IPL 2025: Gujarat Titans Achieve Highest Power Play Score In IPL