| Friday, 2nd May 2025, 9:45 pm

ഹൈദരാബാദിനെ പഞ്ഞിക്കിട്ട് ഗുജറാത്ത്; ജീവന്‍ മരണ പോരാട്ടത്തില്‍ ഹൈദരാബാദിന് വേണ്ടത്...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദ് തമ്മിലുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജീവന്‍ മരണ പോരാട്ടത്തില്‍ ഹൈദരാബാദിന് 224 റണ്‍സിന്റെ വിജയ ലക്ഷ്യം ഉയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്‌കോറിലെത്തിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ജോസ് ബട്‌ലറുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നഷ്ട്ടപെട്ട ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പതിവുപോലെ ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ഗംഭീര തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

ഏഴാം ഓവറില്‍ മികച്ച ബാറ്റിങ്ങുമായി ക്രീസില്‍ തുടര്‍ന്ന സായ് സുദര്‍ശന്‍ പുറത്താക്കി സീഷന്‍ അന്‍സാരിയാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ബട്‌ലര്‍ കൂട്ടി ഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ചേര്‍ത്തത്. റണ്‍ ഔട്ടിലൂടെ ഹര്‍ഷല്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തില്‍ 76 റണ്‍സെടുത്താണ് ഗില്‍ കൂടാരം കയറിയത്. പിന്നാലെ എത്തിയവരെ കൂട്ടുപിടിച്ച് ജോസ് ബട്‌ലര്‍ ടൈറ്റന്‍സിനെ മുന്നോട്ട് കൊണ്ട് പോയി.

18ാം ഓവറില്‍ പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്. 37 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും അടക്കം 64 റണ്‍സ് എടുത്താണ് താരം മടങ്ങിയത്.

ഇവര്‍ക്ക് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ 16 പന്തില്‍ 21 റണ്‍സും ഷാരൂഖ് ഖാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സും തെവാട്ടിയ മൂന്ന് പന്തില്‍ ആറ് റണ്‍സും എടുത്തു. റഷീദ് ഖാന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

ഹൈദരാബാദിനായി ജയദേവ് ഉനകട്ട് നാല് ഓവറിൽ 35 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ നേടി. പാറ്റ് കമ്മിൻസും സീഷൻ അൻസാരിയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍:

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍:

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോറ്റ്സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ

Content Highlight: IPL 2025: GT vs SRH: Sunrisers Hyderabad needs 225 runs to win

We use cookies to give you the best possible experience. Learn more