| Friday, 2nd May 2025, 9:18 pm

കുതിപ്പ് തുടര്‍ന്ന് സായ്; സാക്ഷാല്‍ സച്ചിനെയും വെട്ടി ചരിത്ര നേട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദ് തമ്മിലുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടൈറ്റസിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഗംഭീര തുടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചത്. പതിവുപോലെ ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ഹൈദരാബാദിനെതിരെ തകര്‍ത്തടിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. നാലാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ ഇരുവരും ചേര്‍ന്ന് അമ്പത് കടത്തിയിരുന്നു.

മത്സരത്തില്‍ കൂടുതല്‍ അപകടകാരി യുവ ഓപ്പണര്‍ സായ് സുദര്‍ശനായിരുന്നു. ഹൈദരാബാദിനെതിരെ 21 പന്തില്‍ 48 റണ്‍സെടുത്തതാണ് താരം തിളങ്ങിയത്. സീഷന്‍ അന്‍സാരിയാണ് ഓറഞ്ച് ആര്‍മിക്ക് താരത്തിന്റെ വിക്കറ്റെടുത്ത് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഒമ്പത് ഫോര്‍ അടിച്ച ഇന്നിങ്‌സില്‍ താരം 208.7 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. പുറത്താവുന്നതിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവില്‍ നിന്നും ഓറഞ്ച് ക്യാപ് സുദര്‍ശന്‍ തിരിച്ച് പിടിച്ചിരുന്നു.

മിന്നും പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ നേട്ടവും സായ് സ്വന്തം പേരില്‍ കുറിച്ചു. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് സായ് ഈ നേട്ടത്തില്‍ എത്തിയത്.

ടി20യില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികച്ച ഇന്ത്യക്കാരന്‍, ഇന്നിങ്സ്

സായ് സുദര്‍ശന്‍ – 54

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 59

ഋതുരാജ് ഗെയ്ക്വാദ് – 60

ദേവ്ദത്ത് പടിക്കല്‍ – 61

രജത് പാടിദാര്‍ – 61

നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്. ജോസ് ബട്‌ലറും വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസിലുള്ളത്. ബട്‌ലര്‍ 27 പന്തില്‍ 39 റണ്‍സും സുന്ദര്‍ 8 പന്തില്‍ 7 റണ്‍സുമാണ് എടുത്തിട്ടുള്ളത്. സായ് സുദര്‍ശന് പുറമെ നായകന്‍ ഗില്ലിന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. 38 പന്തില്‍ 76 റണ്‍സെടുത്തതാണ് താരം പുറത്തായത്. രണ്ട് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മികച്ച നിലയില്‍ നില്‍ക്കുന്നതിനിടെ താരം റണ്‍ ഔട്ടാവുകയായിരുന്നു.

സീസണിലെ പത്താം മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരുവരും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. രാജസ്ഥാനെതിരെ നടന്ന അവസാന മത്സരത്തില്‍ തോറ്റാണ് ഗുജറാത്ത് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഓറഞ്ച് ആര്‍മിയെ ഇന്നത്തെ മത്സരത്തില്‍ തോല്‍പ്പിക്കാനായാല്‍ പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാന്‍ ഗില്ലിനും കൂട്ടര്‍ക്കും സാധിക്കും.

അതേസമയം, പോയിന്റ് ടേബിളിലെ ഒമ്പതാം സ്ഥാനക്കാരായ സണ്‍റൈസേഴ്‌സിന് ജീവന്‍ മരണ പോരാട്ടമാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഒരു തോല്‍വി ഉദയസൂര്യന്‍മാര്‍ക്ക് പുറത്തേക്ക് വഴി തെളിക്കും.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍:

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍:

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോറ്റ്സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ

Content Highlight: IPL 2025: GT vs SRH: Sai Sudarshan becomes the fastest Indian to score 2000 t20 runs

We use cookies to give you the best possible experience. Learn more