| Saturday, 3rd May 2025, 4:49 pm

ഈ റെക്കോഡ് ദ്രാവിഡിന് മുഖത്തേറ്റ അടി; വെടിക്കെട്ടില്‍ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനെയും വെട്ടി ജോസേട്ടന്‍ മാജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പുറത്തേക്കുള്ള വഴിയൊരുക്കിയിരുന്നു. സ്വന്തം തട്ടകമായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ വിജയവുമായാണ് ടൈറ്റന്‍സ് ഓറഞ്ച് ആര്‍മിയെ തകര്‍ത്തെറിഞ്ഞത്.

ടൈറ്റന്‍സ് ഉയര്‍ത്തിയ 225 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്‌സ് 186/6 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

ശുഭ്മന്‍ ഗില്‍, ജോസ് ബട്‌ലര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയും സൂപ്പര്‍ താരം സായ് സുദര്‍ശന്റെ മികച്ച ഇന്നിങ്‌സുമാണ് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗില്‍ 38 പന്തില്‍ 76 റണ്‍സും ബട്‌ലര്‍ 37 പന്തില്‍ 64 റണ്‍സും നേടിയപ്പോള്‍ 23 പന്തില്‍ 48 റണ്‍സാണ് സായ് സുദര്‍ശന്‍ അടിച്ചെടുത്തത്.

സണ്‍റൈസേഴ്‌സിനെതിരായ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഐ.പി.എല്ലിലെ സുപ്രധാന നാഴികക്കല്ലിലൊന്ന് പിന്നിടാനും ജോസ് ബട്‌ലറിന് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ എലിറ്റ് ലിസ്റ്റില്‍ ഇടം നേടിയാണ് താരം റെക്കോഡിട്ടത്. ഈ നേട്ടത്തിലെത്തുന്ന 18ാം താരമാണ് ബട്‌ലര്‍.

2016ല്‍ ആരംഭിച്ച ഐ.പി.എല്‍ കരിയറില്‍ ബാറ്റെടുത്ത 116 ഇന്നിങ്‌സില്‍ നിന്നും 40.52 ശരാശരിയിലും 149.74 സ്‌ട്രൈക്ക് റേറ്റിലും 4,052 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ബട്‌ലര്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഇതിനൊപ്പം മറ്റൊരു ചരിത്ര റെക്കോഡും ബട്‌ലര്‍ സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തില്‍ 4,00 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങളില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത് ബാറ്റര്‍ എന്ന റെക്കോഡാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങള്‍ (ചുരുങ്ങിയത് 4,00 റണ്‍സ്)

(താരം – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്‌സ് – 151.68

ജോസ് ബട്‌ലര്‍ – 149.74*

ക്രിസ് ഗെയ്ല്‍ – 148.96

സൂര്യകുമാര്‍ യാദവ് – 148.07

ഡേവിഡ് വാര്‍ണര്‍ – 139.77

സഞ്ജു സാംസണ്‍ – 139.17

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ ടൈറ്റന്‍സ് പ്ലേ ഓഫിലെക്ക് വീണ്ടും ഒരു അടി കൂടി വെച്ചിരിക്കുകയാണ്. പത്ത് മത്സരത്തില്‍ നിന്നും ഏഴ് വിജയത്തോടെ നിലവില്‍ രണ്ടാം സ്ഥാനത്താണ് ടൈറ്റന്‍സ്. 11 മത്സരത്തില്‍ നിന്നും ഏഴ് വിജയം നേടിയ മുംബൈ ഇന്ത്യന്‍സാണ് രണ്ടാമത്.

മെയ് ആറിനാണ് ഗില്ലും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: GT vs SRH: Jos Buttler joins the elite list of players with 4,000 IPL runs

We use cookies to give you the best possible experience. Learn more