ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ജോസ് ബട്‌ലറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് ജയം നേടിയത്. ജയത്തോടെ സീസണിലെ ഏഴാം വിജയം സ്വന്തമാക്കാനും പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ഗില്ലിന്റെ സംഘത്തിനായി.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റിന് 186 എന്ന നിലയില്‍ ഹൈദരാബാദിന്റെ പോരാട്ടം അവസാനിച്ചു. സണ്‍റൈസേഴ്‌സിനായി അഭിഷേക് ശര്‍മയാണ് മികച്ച പ്രകടനം നടത്തിയത്.
മത്സരത്തില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ അഭിഷേകും ട്രാവിസ് ഹെഡും മികച്ച തുടക്കമാണ് ഉദയസൂര്യന്മാര്‍ക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
ഹെഡിനെ റാഷിദ് ഖാന്റെ കൈയിലെത്തിച്ച് പ്രസീദ് കൃഷ്ണയാണ് ഹൈദരാബാദിന്റെ ആദ്യ രക്തം ചിന്തിയത്. 16 പന്തില്‍ 20 റണ്‍സെടുത്താണ് ഹെഡ് ഡഗ്ഔട്ടിലേക്ക് മടങ്ങിയത്.
പിന്നാലെത്തിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് അഭിഷേക് ഹൈദരാബാദിന്റെ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. പക്ഷെ ഈ മത്സരത്തിലും ഇഷാന്‍ നിരാശപ്പെടുത്തി. താരം 17 പന്തില്‍ 13 റണ്‍സ് മാത്രം എടുത്ത് പുറത്തായി. ജെറാള്‍ഡ് കോറ്റ്സിയാണ് താരത്തിന്റെ വിക്കറ്റ് നേടിയത്.
പിന്നാലെത്തിയ ഹെന്റിക് ക്ലാസനുമായി 57 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി അഭിഷേക് ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയിരുന്നു. ഇഷാന്ത് ശര്‍മ ഇവരുടെ കൂട്ടുകെട്ട് പൊളിച്ച് ഹൈദരാബാദിനെ വരിഞ്ഞു മുറുക്കി. പതിനെഞ്ചാം ഓവറില്‍ ബിഗ് ഷോട്ടിന് ശ്രമിച്ച് സിറാജിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. 41 പന്തില്‍ ആറ് സിക്സും നാല് ഫോറും അടക്കം 74 റണ്‍സെടുത്താണ് താരം പുറത്തായത്.
പിന്നാലെ അടുത്തടുത്ത ഓവറുകളില്‍ ക്ലാസന്റെയും അനികേത് വര്‍മയുടെയും വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. ക്ലാസന്‍ 18 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ അനികേത് മൂന്ന് റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. പ്രസീദ് കൃഷ്ണയും സിറാജുമാണ് ഇവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത്.
തുടര്‍ന്ന് ക്രീസിലെത്തിയ മെന്‍ഡിസ് ആദ്യ പന്തില്‍ തന്നെ ഔട്ടായി. സിറാജാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. ഡെത്ത് ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അടിച്ച് കളിച്ചെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാനായില്ല. നിതീഷ് 10 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 21 റണ്‍സ് എടുത്തപ്പോള്‍ കമ്മിന്‍സ് 10 പന്തില്‍ 19 റണ്‍സ് നേടി.
ഗുജറാത്തിനായി പ്രസീദ് കൃഷ്ണ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മയും ജെറാള്‍ഡ് കോറ്റ്സിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിന് പതിവുപോലെ ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും ഗംഭീര തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
ഏഴാം ഓവറില്‍ മികച്ച ബാറ്റിങ്ങുമായി ക്രീസില്‍ തുടര്‍ന്ന സായ് സുദര്‍ശനെ പുറത്താക്കി സീഷന്‍ അന്‍സാരിയാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ബട്‌ലറിനെ കൂട്ടി ഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തി.
ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ചേര്‍ത്തത്. റണ്‍ ഔട്ടിലൂടെ ഹര്‍ഷല്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 38 പന്തില്‍ 76 റണ്‍സെടുത്താണ് ഗില്‍ കൂടാരം കയറിയത്. പിന്നാലെ എത്തിയവരെ കൂട്ടുപിടിച്ച് ജോസ് ബട്‌ലര്‍ ടൈറ്റന്‍സിനെ മുന്നോട്ട് കൊണ്ട് പോയി.
18ാം ഓവറില്‍ പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്. 37 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും അടക്കം 64 റണ്‍സ് എടുത്താണ് താരം മടങ്ങിയത്.
ഇവര്‍ക്ക് പുറമെ വാഷിങ്ടണ്‍ സുന്ദര്‍ 16 പന്തില്‍ 21 റണ്‍സും ഷാരൂഖ് ഖാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സും തെവാട്ടിയ മൂന്ന് പന്തില്‍ ആറ് റണ്‍സും എടുത്തു. റാഷിദ് ഖാന്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
ഹൈദരാബാദിനായി ജയദേവ് ഉനകട്ട് നാല് ഓവറില്‍ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി. പാറ്റ് കമ്മിന്‍സും സീഷന്‍ അന്‍സാരിയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Content Highlight: IPL 2025: GT vs SRH: Gujarat Titans defeated Sunrisers Hyderabad for 38 runs