| Wednesday, 9th April 2025, 8:58 pm

15 പന്തില്‍ വെറും പത്ത് റണ്‍സ്, അതില്‍ പുറത്തായത് മൂന്ന് തവണ; ഗില്ലിന് ഇവന്‍ അന്തകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം തുടരുകയാണ്. ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മത്സരത്തിന്റെ തുടക്കത്തിലേ ഹോം ടീമിന് തിരിച്ചിടിയേറ്റിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് ടൈറ്റന്‍സിന് നഷ്ടമായി. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗില്‍ മടങ്ങിയത്. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് നേടി നില്‍ക്കവെയാണ് താരം മടങ്ങിയത്.

ഐ.പി.എല്ലില്‍ ഇത് മൂന്നാം തവണയാണ് ആര്‍ച്ചര്‍ ഗില്ലിനെ മടക്കുന്നത്. രാജസ്ഥാന്‍ പേസര്‍ക്കെതിരെ ടൈറ്റന്‍സ് നായകന്റെ ട്രാക്ക് റെക്കോഡുകളാകട്ടെ ഏറെ മോശവും.

ഐ.പി.എല്ലില്‍ ആര്‍ച്ചറിനെതിരെ 15 പന്തില്‍ വെറും പത്ത് റണ്‍സ് മാത്രമാണ് ഗില്ലിന് കണ്ടെത്താന്‍ സാധിച്ചത്. മൂന്ന് തവണ പുറത്താവുകയും ചെയ്തു.

3.33 ശരാശരിയും 66.66 സ്‌ട്രൈക്ക് റേറ്റുമാണ് ആര്‍ച്ചറിനെതിരെ ഗില്ലിന്റെ പേരിലുള്ളത്.

അതേസമയം, ഗില്ലിന് പിന്നാലെ ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ സായ് സുദര്‍ശനെ ഒപ്പം കൂട്ടി മികച്ച കൂട്ടുകെട്ടാണ് തന്റെ പഴയ ടീമിനെതിരെ പടുത്തുയര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്.

മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ ജോസ് ബട്‌ലറിനെ മടക്കി മഹീഷ് തീക്ഷണയാണ് രാജസ്ഥാനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 25 പന്തില്‍ 36 റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ബട്‌ലര്‍ മടങ്ങിയത്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 124 എന്ന നിലയിലാണ് ടൈറ്റന്‍സ്. അര്‍ധ സെഞ്ച്വറി നേടിയ സായ് സുദര്‍ശന്റെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലേക്ക് മുന്നേറുന്നത്.

സായ് സുദര്‍ശന്‍ 39 പന്തില്‍ 59 റണ്‍സും ഷാരൂഖ് ഖാന്‍ 11 പന്തില്‍ 13 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡേ.

Co0ntent Highlight: IPL 2025: GT vs RR: Shubhman Gill’s worst performance against Jofra Archer continues

We use cookies to give you the best possible experience. Learn more