| Wednesday, 9th April 2025, 6:54 pm

ഗുജറാത്തിനെ തകര്‍ക്കുന്ന ക്യാപ്റ്റന്‍; രോഹിത്തും പന്തുമൊക്കെ ഏറെ പിന്നില്‍, തിളങ്ങിയില്ലെങ്കിലും ഒന്നാമത് തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ സീസണിലെ രണ്ടാം മത്സരത്തിനൊരുങ്ങുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

ക്യാപ്റ്റന്റെ റോളിലേക്ക് സഞ്ജു സാംസണ്‍ തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആള്‍ക്കൂട്ടമായിരുന്ന രാജസ്ഥാന്‍ റോയല്‍സ് അതിവേഗം ഒരു ടീമായി മാറിയതും ചിരവൈരികളായ പഞ്ചാബ് കിങ്സിനെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയതും ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയിട്ടുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സഞ്ജു. കളിച്ച ആറ് ഇന്നിങ്‌സില്‍ നിന്നും 46.00 ശരാശരിയില്‍ 230 റണ്‍സാണ് താരം സ്വന്തമാക്കിയത്. 166.66 സ്‌ട്രൈക്ക് റേറ്റില്‍ ടൈറ്റന്‍സിനെതിരെ സ്‌കോര്‍ ചെയ്യുന്ന സഞ്ജു രണ്ട് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 68 ആണ് ടോപ് സ്‌കോര്‍.

ടൈറ്റന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമതാണെങ്കിലും ഈ പട്ടികയിലെ ക്യാപ്റ്റന്‍മാരെ പരിശോധിക്കുമ്പോള്‍ ഒന്നാമതാണ് സഞ്ജു സാംസണ്‍.

ക്യാപ്റ്റന്റെ റോളിലെത്തിയ മറ്റൊരു താരത്തിന് പോലും 200+ റണ്‍സ് നേടാന്‍ സാധിച്ചിട്ടില്ല എന്നറിയുമ്പോഴാണ് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദമില്ലാതെ ഏത്ര അനായാസമായാണ് സഞ്ജു ബാറ്റ് വീശുന്നത് എന്ന് വ്യക്തമാകുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍മാര്‍

(താരം – ഇന്നിങ്‌സ് – ശരാശരി – റണ്‍സ് എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 6 – 46.00 – 230

ഫാഫ് ഡു പ്ലെസി – 5 – 32.0 – 160

റിഷബ് പന്ത് – 3 – 147.0 – 147

ശ്രേയസ് അയ്യര്‍ – 2 – 109.0 – 109

കെ.എല്‍. രാഹുല്‍ – 4 – 27.3 – 109

രോഹിത് ശര്‍മ – 4 – 20.5 – 82

2022 ഐ.പി.എല്‍ ഫൈനലിന് ശേഷം മൂന്ന് മത്സരങ്ങളിലാണ് രാജസ്ഥാനും ഗുജറാത്തും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ രണ്ട് മത്സരത്തില്‍ ഗുജറാത്ത് വിജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ രാജസ്ഥാനും വിജയം സ്വന്തമാക്കി.

2023ല്‍ രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സും രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ജയം സ്വന്തമാക്കി. 2024ല്‍ ഒരു മത്സരമാണ് ഇരുവരും കളിച്ചത്. ഇതില്‍ ടൈറ്റന്‍സാണ് ജയം സ്വന്തമാക്കിയത്.

2022 ഫൈനലിന് ശേഷം ഇത് രണ്ടാം തവണയാണ് റോയല്‍സ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കളത്തിലിറങ്ങുന്നത്. 2023ല്‍ സ്വന്തമാക്കിയ വിജയം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാനാണ് സഞ്ജുവും സംഘവും ഒരുങ്ങുന്നത്.

കളിച്ച നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത്. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് നിലവില്‍ രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ നിലവില്‍ ഏഴാമതാണ് രാജസ്ഥാന്‍.

Content Highlight: IPL 2025: GT vs RR: Sanju Samson scored most runs against Gujarat Titans as captain

Latest Stories

We use cookies to give you the best possible experience. Learn more