| Thursday, 10th April 2025, 11:06 am

ഇതാണ് എന്നെ മികച്ച ബാറ്ററാവുന്നതില്‍ സഹായിക്കുന്നത്; തുറന്ന് പറഞ്ഞ് സായ് സുദര്‍ശന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗില്ലും കൂട്ടരും നേടിയത്. സീസണിലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ ഗുജറാത്തിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ മുന്നിലെത്താനും ടൈറ്റന്‍സിന് സാധിച്ചു.

ഗുജറാത്ത് ഉയര്‍ത്തിയ 218 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159 റണ്‍സിന് പുറത്തായി. മത്സരത്തില്‍ യുവതാരം സായ് സുദര്‍ശന്റെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്. 53 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും അടക്കം 82 റണ്‍സാണ് താരം എടുത്തത്. 154 .72 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇന്നിങ്‌സിന് താരത്തിന് പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും ലഭിച്ചിരുന്നു.

ഇപ്പോള്‍ തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സായ് സുദര്‍ശന്‍. ടീമിനായി സംഭാവന നല്‍കാനും മത്സരങ്ങള്‍ വിജയിപ്പിക്കാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട് സായ് സുദര്‍ശന്‍ പറഞ്ഞു. തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ സമയമെടുത്തുവെന്നും ടി-20യില്‍ അധികം സമയം കളയാന്‍ ഇല്ലാത്തതിനാല്‍ പവര്‍ പ്ലേയ്ക്ക് ശേഷം ഷോട്ടുകള്‍ കളിക്കാന്‍ തീരുമാനിച്ചെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനുമായുള്ള മത്സരത്തില്‍ ശേഷം സംസാരിക്കുകയായിരുന്നു സായ് സുദര്‍ശന്‍.

‘ഐ.പി.എല്ലില്‍ നിങ്ങള്‍ക്ക് മൊമെന്റം ആവശ്യമാണ്. ടീമിനായി സംഭാവന നല്‍കാനും മത്സരങ്ങള്‍ വിജയിപ്പിക്കാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. തുടക്കത്തില്‍ ഷോട്ടുകള്‍ കളിക്കാന്‍ കുറച്ചധികം സമയമെടുത്തു.

ഒരു ടി20 മത്സരത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം എടുക്കാന്‍ കഴിയില്ല, അതിനാല്‍ പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷം ഷോട്ടുകള്‍ കളിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഒരു വിക്കറ്റ് വീണാല്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് വളരെ വ്യക്തമായിരുന്നു. ആരെങ്കിലും കുറച്ച് സമയം ക്രീസില്‍ തുടരേണ്ടതുണ്ട്,’ സുദര്‍ശന്‍ പറഞ്ഞു.

സീസണിലെ തന്റെ മികച്ച പ്രകടനത്തെ കുറിച്ചും സായ് സുദര്‍ശന്‍ സംസാരിച്ചു. മത്സരങ്ങള്‍ക്ക് ശേഷം തനിക്ക് എവിടെയാണ് നന്നായി ചെയ്യാന്‍ കഴിയുമായിരുന്നതെന്ന് എപ്പോഴും ചിന്തിക്കാറുണ്ടെന്ന് ഇരുപത്തിമൂന്നുകാരനായ താരം പറഞ്ഞു. മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ച് ഞാന്‍ നോട്ട് ചെയ്യാറുണ്ടെന്നും വൈവിധ്യമാര്‍ന്ന ബാറ്ററാകാന്‍ ഇത് തന്നെ സഹായിക്കുന്നുവെന്നും സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് എന്താണ് കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുമായിരുന്നതെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കുന്നു. എന്റെ കഴിവുകളിലും ആശങ്കാജനകമായ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. മെച്ചപ്പെടുത്തേണ്ട മേഖലകളെക്കുറിച്ച് ഞാന്‍ നോട്ട് ചെയ്യാറുണ്ട്. വൈവിധ്യമാര്‍ന്ന ബാറ്ററാകാന്‍ ഇത് എന്നെ സഹായിക്കുന്നു,’ സുദര്‍ശന്‍ പറഞ്ഞു.

സീസണില്‍ ഗുജറാത്തിനായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് സായ് സുദര്‍ശന്‍ കാഴ്ച വെക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 273 താരം റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് ഈ സീസണില്‍ ഇടം കൈയ്യന്‍ ബാറ്റര്‍ നേടിയത്. 54.60 ശരാശരിയിലും 151.66 സ്‌ട്രൈക്ക് റേറ്റിലുമാണ് സുദര്‍ശന്‍ ബാറ്റ് വീഴുന്നത്.

മത്സരത്തില്‍ രാജസ്ഥനായി ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഹെറ്റ്‌മെയര്‍ 32 പന്തില്‍ 52 റണ്‍സും സഞ്ജു 28 പന്തില്‍ 41 റണ്‍സുമാണ് എടുത്തത്.

മത്സരത്തില്‍ 14 പന്തില്‍ 26 റണ്‍സ് എടുത്ത് പരാഗും മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തില്‍ പുറത്തായതാണ് രാജസ്ഥാന് വിനയായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണയുടെ എക്കണോമിക്കല്‍ സ്പെല്ലാണ് രാജസ്ഥാനെ തകര്‍ത്തത്. ക്യാപ്റ്റന്‍ സഞ്ജു, ഹെറ്റ്‌മെയര്‍, ജോഫ്രെ ആര്‍ച്ചര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്.

സായ് കിഷോറും റാഷിദ് ഖാനും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, കുല്‍വന്ത് ഖെജ്‌റോളിയ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL 2025: GT vs RR: Gujarat Titans Young Batter Sai Sudarshan Talks About His Performance In IPL

Latest Stories

We use cookies to give you the best possible experience. Learn more