| Saturday, 31st May 2025, 9:56 am

വിരാടിനേയും സൂര്യയേയും വെട്ടിവീഴ്ത്തി ഐ.പി.എല്ലില്‍ പുതിയ താരോദയം; വമ്പന്‍ നേട്ടത്തില്‍ സൂപ്പര്‍ സായി!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ കുതിച്ചത്.

മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മുംബൈ ഉയര്‍ന്ന സ്‌കോറില്‍ എത്തിയത്. 50 പന്തില്‍ നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്. മാത്രമല്ല കളിയിലെ താരമാകാനും രോഹിത്തിന് സാധിച്ചു.

ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 22 പന്തില്‍ 47 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 33 റണ്‍സും നേടി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒമ്പത് പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 22 റണ്‍സും നേടി.

അതേസമയം ഗുജറാത്തിന് വേണ്ടി സായി സുദര്‍ശന്‍ 49 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 80 റണ്‍സും നേടി മികവ് പുലര്‍ത്തി. വാഷിങ്ടണ്‍ സുന്ദര്‍ 24 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 48 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് ഗുജറാത്തിന്റെ യുവ ബാറ്റര്‍ സായി സുദര്‍ശന്‍. എലിമിനേറ്ററിലും താരം തന്റെ മികവ് പുറത്തെടുത്തു.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും സായിക്ക് സാധിച്ചിരിക്കുകയാണ്. 2025 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടുന്ന താരമാകാനാണ് സായിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവിനെ മറികടക്കാനാണ് താരത്തിന് സാധിച്ചത്.

2025 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടുന്ന താരം, മത്സരം, ഫോര്‍സ്

സായി സുദര്‍ശന്‍ (ഗുജറാത്ത്) – 15 – 88

സൂര്യകുമാര്‍ യാദവ് (മുംബൈ) – 15 – 65

വികാട് കോഹ്‌ലി (ബെംഗളൂരു) – 14 – 63

ശുഭ്മന്‍ ഗില്‍ (ഗുജറാത്ത്) – 15 – 62

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. ഒരു റണ്‍സ് പോലും വിട്ടുകൊടുത്താല്‍ വിജയത്തിന്റെ ഗതി മാറുമെന്ന ഘട്ടത്തില്‍ ബുംറ നാല് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദറിനെ മിന്നും യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കി നിലം കുത്തിച്ചാണ് ബുംറ താണ്ഡവമാടിയത്. ബുംറയ്ക്ക് പുറമെ സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

ഇനി രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെയാണ് മുംബൈയ്ക്ക്  നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടപ്പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും.

Content Highlight: IPL 2025: GT VS MI: Sai Sudharsan In Great Record Achievement In IPL 2025

Latest Stories

We use cookies to give you the best possible experience. Learn more