ഐ.പി.എല്‍ 2025ലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ കുതിച്ചത്.
മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മുംബൈ ഉയര്‍ന്ന സ്‌കോറില്‍ എത്തിയത്.
50 പന്തില്‍ നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്. മാത്രമല്ല കളിയിലെ താരമാകാനും രോഹിത്തിന് സാധിച്ചു.
ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. ഒരു റണ്‍സ് പോലും വിട്ടുകൊടുത്താല്‍ വിജയത്തിന്റെ ഗതി മാറുമെന്ന ഘട്ടത്തില്‍ ബുംറ നാല് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദറിനെ മിന്നും യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കി നിലം കുത്തിച്ചാണ് ബുംറ താണ്ഡവമാടിയത്.
സായി സുദര്‍ശന്റേയും സുന്ദറിന്റേയും മിന്നും കൂട്ടുകെട്ട് പൊളിച്ച് മുംബൈക്ക് മികച്ച ബ്രേക്ക് ത്രൂ നല്‍കാന്‍ അറ്റാക്കിങ് പേസര്‍ക്ക് സാധിച്ചു. മറ്റ് ബൗളര്‍മാര്‍ ഗുജറാത്തിന്റെ ബാറ്റര്‍മാരില്‍ നിന്ന് അടി വാങ്ങിക്കൂട്ടിയപ്പോള്‍ 6.75 എന്ന എക്കോണമിയിലാണ് ബുംറ താണ്ഡവമാടിയത്.
ഇപ്പോള്‍ മുംബൈ പേസറെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ താരവും ക്രിക്കറ്റ് കമന്റേറ്റുമായ ആകാശ് ചോപ്ര. ബുംറയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് വിശേഷിപ്പിച്ചു. വാഷിങ്ടണ്‍ സുന്ദറിന് നേരെ എറിഞ്ഞ യോര്‍ക്കര്‍ മികച്ചതാണെന്നും മാത്രമല്ല ബുംറയെപ്പോലൊരു താരത്തെ ഇനി ദൈവം സൃഷ്ടിക്കില്ലെന്നും കമന്റേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
‘മറ്റൊന്നും സംഭവിക്കില്ലെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്ക് ജസ്പ്രീത് ബുംറയെ കൊണ്ടുവരണം. വാഷിങ്ടണ്‍ സുന്ദറിനെതിരെയുള്ള അദ്ദേഹത്തിന്റെ യോര്‍ക്കര്‍ നിങ്ങളൊന്ന് കാണേണ്ടതാണ്. അദ്ദേഹം മുംബൈയുടെ ഒരു ബ്രഹ്‌മാസ്ത്രവും വലിയ താരവുമാണ്. അദ്ദേഹത്തെപ്പോലെ മറ്റൊരാളില്ല, ദൈവം ഇനി അദ്ദേഹത്തെപ്പോലുള്ള കളിക്കാരെ സൃഷ്ടിക്കില്ല,’ ആകാശ് ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെയാണ് മുംബൈയ്ക്ക് ഇനി നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടപ്പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും.
Content Highlight: IPL 2025: GT VS MI: Akash Chopra Praises Jasprit Bumrah