ടൂര്‍ണമെന്റില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായെങ്കിലും അവസാന മത്സരങ്ങള്‍ ജയിച്ചുകൊണ്ട് പടിയിറങ്ങുക എന്ന ലക്ഷ്യത്തിനാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ശ്രമിക്കുന്നത്. ഇതിലെ ഏറ്റവും വലിയ കടമ്പയായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തിലെത്തി നേരിടുകയാണ് സൂപ്പര്‍ ജയന്റ്‌സ്.
മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
പതിവുപോലെ ഏയ്ഡന്‍ മര്‍ക്രം – മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ട് ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ഇന്നിങ്‌സിന് അടിത്തറയിട്ടത്.
ഏയ്ഡന്‍ മര്‍ക്രമിനെ മടക്കി സായ് കിഷോര്‍ കൂട്ടുകെട്ട് പൊളിക്കും മുമ്പ് തന്നെ മിച്ചല്‍ മാര്‍ഷ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. നേരിട്ട 33ാം പന്തില്‍ സിക്‌സറടിച്ചാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സീസണില്‍ മാര്‍ഷിന്റെ ആറാം ഫിഫ്റ്റിയാണിത്.
ഇതോടെ ഒരു എലീറ്റ് ലിസ്റ്റിലേക്കും മാര്‍ഷ് കാലെടുത്തുവെച്ചു. ഒരു ഐ.പി.എല്‍ സീസണില്‍ ആറ് 50+ സ്‌കോര്‍ നേടുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ ലിസ്റ്റിലാണ് മാര്‍ഷ് തന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുന്നത്.
ഈ ലിസ്റ്റില്‍ ഇടം നേടുന്ന അഞ്ചാമത് മാത്രം ഓസ്‌ട്രേലിയന്‍ താരമാണ് മാര്‍ഷ്.
ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ മിച്ചല്‍ മാര്‍ഷിന്റെ സഹോദരനായ ഷോണ്‍ മാര്‍ഷാണ് ഈ നേട്ടത്തില്‍ ആദ്യമെത്തിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ഷോണ്‍ മാര്‍ഷ് അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമടക്കം 11 മത്സരത്തില്‍ നിന്നും 68.44 ശരാശരിയില്‍ 616 റണ്‍സ് നേടിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ആദ്യ ഓറഞ്ച് ക്യാപ്പ് ജേതാവായും മാര്‍ഷ് മാറിയിരുന്നു.
തുടര്‍ന്നുള്ള സീസണുകളില്‍ മൈക്ക് ഹസിയും ഡേവിഡ് വാര്‍ണറും പിന്തുടര്‍ന്ന മാര്‍ഷിന്റെ ലെഗസി ഇപ്പോള്‍ മറ്റൊരു മാര്‍ഷിലെത്തി നില്‍ക്കുകയാണ്.
(താരം – സീസണ്‍/ സീസണുകള്‍ എന്നീ ക്രമത്തില്‍)
ഷോണ്‍ മാര്‍ഷ് – 2008
മൈക്കല്‍ ഹസി – 2013
ഡേവിഡ് വാര്‍ണര്‍ – 2014, 2015, 2016, 2019, 2023
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 2021
മിച്ചല്‍ മാര്‍ഷ് – 2025*
അതേസമയം, ഹാഫ് സെഞ്ച്വറി സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് മിച്ചല്‍ മാര്‍ഷ്. നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 160/1 എന്ന നിലയിലാണ് ടീം ബാറ്റിങ് തുടരുന്നത്. 51 പന്തില്‍ 89 റണ്‍സുമായി മാര്‍ഷും 15 പന്തില്‍ 29 റണ്‍സുമായി നിക്കോളാസ് പൂരനുമാണ് ക്രീസില്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, കഗീസോ റബാദ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഹിമ്മത് ഷാ, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാന്‍, വില്‍ ഒ റൂര്‍ക്.
Content Highlight: IPL 2025: GT vs LSG: Mitchell Marsh joins the elite list of Australians to score 6+ fifties in an IPL season