| Monday, 21st April 2025, 5:26 pm

'പാകിസ്ഥാനിലാണെങ്കില്‍ അവനെ പുറത്താക്കാനാകും അളുകള്‍ മുറവിളി കൂട്ടുക'; അരങ്ങേറ്റം ഗംഭീരമാക്കിയ വൈഭവ് സൂര്യവംശിയെ കുറിച്ച് മുന്‍ പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് വൈഭവ് സൂര്യവംശി രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് 14കാരന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയത്.

സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് താരത്തിന് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടി വരവറിയിച്ച താരം ഇന്ത്യയുടെ ഭാവിയാകാന്‍ തന്നെക്കൊണ്ടാകുമെന്ന് തെളിയിച്ച ശേഷമാണ് കളം വിട്ടത്.

ഐ.പി.എല്‍ കരിയറില്‍ നേരിട്ട ആദ്യ പന്ത് പരിചയസമ്പന്നനായ ഷര്‍ദുല്‍ താക്കൂറിന്റേതായിരുന്നു. ലോര്‍ഡ് താക്കൂറിനെ ഡീപ് എക്‌സ്ട്രാ കവറിന് മുകളിലൂടെ ഗ്യാലറിയിലെത്തിച്ച വൈഭവ് രണ്ടാം ഓവറില്‍ ആവേശ് ഖാനെയും അതിര്‍ത്തി കടത്തി ആദ്യത്തേത് വെറുമൊരു ലക്കി ഷോട്ടല്ല എന്ന് തെളിയിക്കുകയും ചെയ്തിരുന്നു.

താക്കൂറിനെതിരായ ഫസ്റ്റ് ബോള്‍ സിക്സറിന് പിന്നാലെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ കരിയറിലെ ആദ്യ പന്തില്‍ സിക്സറടിക്കുന്ന താരങ്ങളുടെ ലിസ്റ്റിലേക്കാണ് സൂര്യംവശി കാലെടുത്ത് വെച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് ഇന്ത്യന്‍ താരവും പത്താം താരവുമാണ് സൂര്യവംശി.

ഇപ്പോള്‍ സൂര്യവംശിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടാനുള്ള ശ്രമം പരാജയപ്പെട്ട് അവന്‍ പുറത്താവുകയായിരുന്നെങ്കില്‍ ആളുകള്‍ വിമര്‍ശിക്കുമായിരുന്നു എന്നാണ് ബാസിത് അലി പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

’14 വയസുള്ള പയ്യന്‍, വൈഭവ് സൂര്യവംശി. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടുക എന്നത് വളരെ വലിയ നേട്ടമാണ്. എന്നാല്‍ സിക്‌സറടിക്കാനുള്ള ശ്രമം പരാജയപ്പെട്ട് അവന്‍ പുറത്താവുകയായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ, ആളുകള്‍ എന്തെല്ലാമായിരിക്കും പറഞ്ഞിട്ടുണ്ടാവുക.

പാകിസ്ഥാനിലാണെങ്കില്‍ അവനെ ടീമിന് പുറത്താക്കാനായിരിക്കും ആളുകള്‍ പറയുക. പക്ഷേ ഇങ്ങനെയായിരിക്കും ആത്മവിശ്വാസം വര്‍ധിക്കുക. ഭാവിയില്‍ അത് പ്രയോജനപ്പെടും,’ ബാസിത് അലി പറഞ്ഞു.

‘നിങ്ങള്‍ അഭിഷേക് ശര്‍മയെ നോക്കൂ. തിലക് വര്‍മയെ നോക്കൂ. ജെയ്‌സ്വാളിനെയും ഗില്ലിനെയും നോക്കൂ. ആ ആത്മവിശ്വാസവും സ്വയം പ്രകടിപ്പിക്കാനുള്ള ലൈസന്‍സ് ലഭിച്ചതിന് ശേഷമാണ് അവര്‍ മികച്ച താരങ്ങളായി മാറിയത്. ഇതിനെല്ലാം പുറമെ അവര്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പമാണ് കളിക്കുന്നതെങ്കില്‍ അവര്‍ തീര്‍ച്ചയായും മികച്ച താരങ്ങളായി മാറും,’ ബാസിത് അലി വ്യക്തമാക്കി.

അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ പരാജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. എട്ട് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് ടീമിന് നേടാന്‍ സാധിച്ചത്. എളുപ്പം ജയിക്കാന്‍ സാധിക്കുന്ന രണ്ട് മത്സരങ്ങളില്‍, ജയമുറപ്പിച്ച ശേഷം പരാജയപ്പെട്ടതും ടീമിന് വിനയായി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സംരം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി. സീസണില്‍ നേരത്തെ ജയ്പൂരില്‍ വെച്ച് ഇരുവരുമേറ്റുമുട്ടിയപ്പോള്‍ ജയം ആര്‍.സി.ബിക്കൊപ്പമായിരുന്നു.

Content Highlight: IPL 2025: Former Pakistan cricketer Basit Ali talks about Vaibhav Suryavanshi

We use cookies to give you the best possible experience. Learn more