| Tuesday, 3rd June 2025, 9:47 pm

ദല്‍ഹിയുടെയും ചെന്നൈയുടെയും മാത്രമല്ല, ഇനിയിവന്‍ പഞ്ചാബിന്റെയും പേടിസ്വപ്നം; ഫൈനലില്‍ സ്വയം വെട്ടി ഒന്നാമനായി വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 191 റണ്‍സിന്റെ വിജയലക്ഷ്യവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയാണ് ആര്‍.സി.ബി മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

35 പന്ത് നേരിട്ട് 43 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ആര്‍.സി.ബി നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് ഫോറാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

കലാശപ്പോരാട്ടത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും ഒരു മികച്ച നേട്ടത്തിലെത്താന്‍ വിരാടിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ ഒരു ടീമിതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് വിരാട് സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിരാട് തന്നെ നേടിയ 1146 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് താരം ചരിത്ര നേട്ടം കുറിച്ചത്.

ഐ.പി.എല്ലില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവുമധികം റണ്‍സ്

(താരം – എതിര്‍ ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – പഞ്ചാബ് കിങ്‌സ് – 1159

വിരാട് കോഹ്‌ലി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1146

ഡേവിഡ് വാര്‍ണര്‍ – പഞ്ചാബ് കിങ്‌സ് – 1134

വിരാട് കോഹ്‌ലി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1130

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്ടപ്പെട്ടിരുന്നു. ഒമ്പത് പന്തില്‍ 16 റണ്‍സുമായി നില്‍ക്കവെ കൈല്‍ ജാമൈസണിന്റെ പന്തില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ യൂസി ചഹല്‍ അഗര്‍വാളിനെ അര്‍ഷ്ദീപിന്റെ കൈകളിലെത്തിച്ച് മടക്കി. 18 പന്ത് നേരിട്ട് 24 റണ്‍സുമായാണ് അഗര്‍വാള്‍ മടങ്ങിയത്.

ശേഷമെത്തിയ രജത് പാടിദാര്‍ 16 പന്തില്‍ 26 റണ്‍സ് നേടിയും പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് ബൗളര്‍മാര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് അപ്പര്‍ഹാന്‍ഡ് ലഭിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചുപുലര്‍ത്തി.

ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (പത്ത് പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (ഒമ്പത് പന്തില്‍ 17) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 190ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും കൈല്‍ ജാമൈസണും മൂന്ന് വിക്കറ്റ് വീതം നേടി. വൈശാഖ് വിജയ് കുമാര്‍, അസ്മത്തുള്ള ഒമര്‍സായ്, യൂസ്വന്ദ്രേ ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, വൈശാഖ് വിജയ്കുമാര്‍, കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: Final: RCB vs PBKS: Virat Kohli smashed his own record of most runs against an opponent in IPL

We use cookies to give you the best possible experience. Learn more