| Tuesday, 3rd June 2025, 9:13 pm

പഞ്ചാബ് മര്‍ദകന്‍! ഫൈനലില്‍ പിറന്ന വിരാട് മാജിക്; ബൈ ബൈ ഡേവിഡ് വാര്‍ണര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ബാറ്റിങ്ങിനയച്ചു.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐ.പി.എല്‍ കിരീടമെന്ന ലക്ഷ്യത്തിലേക്കാണ് വിരാട് കോഹ്‌ലി കണ്ണുവെക്കുന്നത്. മൂന്ന് തവണ കണ്‍മുമ്പില്‍ നിന്നും നഷ്ടപ്പെട്ട കിരീടം നാലാം അങ്കത്തില്‍ ചിന്നസ്വാമിയിലെത്തിക്കാനാണ് വിരാട് ഒരുങ്ങുന്നത്.

എന്നാലിപ്പോള്‍ കിരീടം സ്വന്തമാക്കുന്നതിന് മുമ്പ് മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് വിരാട് തന്റെ പേരിലെഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് കിങ് കോഹ്‌ലി തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറിന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് വിരാട് ഈ തകര്‍പ്പന്‍ റെക്കോഡില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്. ഫൈനലില്‍ 19 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ റെക്കോഡില്‍ വിരാട് ഒന്നാം സ്ഥാനത്തെത്തിയത്. ഫൈനലില്‍ വിരാട് 35 പന്ത് നേരിട്ട് 43 റണ്‍സ് നേടി പുറത്തായി. അസ്മത്തുള്ള ഒമര്‍സായിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് വിരാട് മടങ്ങിയത്.

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് – സെഞ്ച്വറി | അര്‍ധ സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ് ലി – 36 – 1159 – 1 | 6

ഡേവിഡ് വാര്‍ണര്‍ – 26 – 1134 – 0 | 13

ശിഖര്‍ ധവാന്‍ – 26 – 894 – 1 | 7

രോഹിത് ശര്‍മ – 33 – 880 – 0 | 7

ഫാഫ് ഡു പ്ലെസി- 20 – 854 – 0 | 9

അതേസമയം, തുടക്കത്തിലേ വിക്കറ്റ് നഷ്ടമായെങ്കിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് ആര്‍.സി.ബി. നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലാണ് ആര്‍.സി.ബി. 13 പന്തില്‍ 19 റണ്‍സുമായി ലിയാം ലിവിങ്സ്റ്റണും അഞ്ച് പന്തിവല്‍ 11 റണ്‍സുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, വൈശാഖ് വിജയ്കുമാര്‍, കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: Final: RCB vs PBKS: Virat Kohli becomes the highest run scorer against Punjab Kings

We use cookies to give you the best possible experience. Learn more