ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ബാറ്റിങ്ങിനയച്ചു.
ഐ.പി.എല്ലില്‍ ഇത് രണ്ടാം തവണയാണ് പഞ്ചാബ് കിങ്സ് ഫൈനല്‍ കളിക്കുന്നത്. ഇതേസമയം, നാലാം തവണയാണ് ആദ്യ കിരീടമെന്ന സ്വപ്നത്തിനായി ആര്‍.സി.ബി ഒരുങ്ങുന്നത്.
ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തിയാണ് റോയല്‍ ചലഞ്ചേഴ്സ് ഫൈനലിന് ടിക്കറ്റെടുത്തത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ 60 പന്ത് ബാക്കി നില്‍ക്കവെ ചരിത്ര വിജയം സ്വന്തമാക്കിയാണ് ടീം കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തത്.
ആദ്യ ക്വാളിഫയറില്‍ തോറ്റെങ്കിലും രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്റര്‍ ജയിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് ശ്രേയസും സംഘവും ഫൈനലിനെത്തിയത്. നോക്ക്ഔട്ട് ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന്റെ റെക്കോഡും ശ്രേയസ് ഷോയില്‍ പഞ്ചാബിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
കലാശപ്പോരാട്ടത്തില്‍ ടോസ് ഭാഗ്യം തുണയ്ക്കുന്ന ടീമിന് വിജയസാധ്യതകള്‍ ഏറെയാണെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. മത്സരത്തില്‍ ചെയ്‌സ് ചെയ്യുന്ന ടീമിനെയാണ് അഹമ്മദാബാദിന്റെ പിച്ച് എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ളതും. ടോസും അതിന്റെ ഭാഗമായുള്ള അഡ്വാന്റേജും നഷ്ടമായെങ്കിലും തിരിച്ചടിക്കാന്‍ ഉറച്ചുതന്നെയാണ് ആര്‍.സി.ബി.
ഐ.പി.എല്‍ ഫൈനലില്‍ ഇത്തരത്തില്‍ ടോസിന്റെ ആനുകൂല്യം ലഭിക്കാതിരുന്നിട്ടും ഫൈനല്‍ വിജയിച്ചിട്ടുണ്ട്.
(വര്‍ഷം – ടീം എന്നീ ക്രമത്തില്‍)
2009 – ഹൈദരാബാദ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്
2012 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2015 – മുംബൈ ഇന്ത്യന്‍സ്
2020 – മുംബൈ ഇന്ത്യന്‍സ്
2021 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
2022 – ഗുജറാത്ത് ടൈറ്റന്‍സ്
2024 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
അതേസമയം, എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 എന്ന നിലയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാറ്റിങ് തുടരുകയാണ്. ഒമ്പത് പന്തില്‍ 16 റണ്‍സ് നേടിയ ഫില്‍ സാള്‍ട്ടിന്റെയും 18 പന്തില്‍ 24 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിന്റെയും വിക്കറ്റുകളാണ് ടീമിന് ഇതിനോടകം നഷ്ടമായത്.
15 പന്ത് നേരിട്ട് 19 റണ്‍സുമായി വിരാട് കോഹ്‌ലിയും ആറ് പന്തില്‍ എട്ട് റണ്‍സുമായി രജത് പാടിദാറുമാണ് ക്രീസില്‍.
റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, വൈശാഖ് വിജയ്കുമാര്‍, കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.
Content Highlight: IPL 2025: Final: RCB vs PBKS: Teams lifted IPL trophy after losing toss