| Tuesday, 3rd June 2025, 10:57 pm

രണ്ടാം ക്വാളിഫയര്‍ ജയിപ്പിച്ച ക്യാപ്റ്റനോ ഇത്! ധോണി ഒന്നാമനായ ആര്‍ക്കും വേണ്ടാത്ത റെക്കോഡില്‍ ഇനി ശ്രേയസും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുകയാണ് പഞ്ചാബ് കിങ്‌സ്. നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ് കിങ്‌സ്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ വിക്കറ്റാണ് ടീമിന് അവസാനമായി നഷ്ടപ്പെട്ടത്. രണ്ട് പന്ത് നേരിട്ട് ഒറ്റ റണ്‍സിന് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ഇതോടെ ഒരു മോശം റെക്കോഡും ശ്രേയസിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ഫൈനലില്‍ ഏറ്റവും കുറവ് റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ താരം രണ്ടാമതായി ഇടം നേടിയിരിക്കുകയാണ്.

ഐ.പി.എല്‍ ഫൈനലില്‍ ഏറ്റവും കുറവ് റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ആദം ഗില്‍ക്രിസ്റ്റ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 0 – 2009

ഡാനിയല്‍ വെറ്റോറി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 0 – 2011

എം.എസ്. ധോണി – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് – 0 – 2023

ജോര്‍ജ് ബെയ്‌ലി – കിങ്‌സ് ഇലവന്‍ പഞ്ചാബ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 1 – 2014

ശ്രേയസ് അയ്യര്‍ – പഞ്ചാബ് കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 1 – 2025*

പ്രിയാന്‍ഷ് ആര്യ (19 പന്തില്‍ 24), പ്രഭ്‌സിമ്രാന്‍ സിങ് (22 പന്തില്‍ 26) എന്നിവരുടെ വിക്കറ്റാണ് ടീമിന് ഇതുവരെ നഷ്ടമായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്ടപ്പെട്ടിരുന്നു. ഒമ്പത് പന്തില്‍ 16 റണ്‍സുമായി നില്‍ക്കവെ കൈല്‍ ജാമൈസണിന്റെ പന്തില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ യൂസി ചഹല്‍ അഗര്‍വാളിനെ അര്‍ഷ്ദീപിന്റെ കൈകളിലെത്തിച്ച് മടക്കി. 18 പന്ത് നേരിട്ട് 24 റണ്‍സുമായാണ് അഗര്‍വാള്‍ മടങ്ങിയത്.

ശേഷമെത്തിയ രജത് പാടിദാര്‍ 16 പന്തില്‍ 26 റണ്‍സ് നേടിയും പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് ബൗളര്‍മാര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് അപ്പര്‍ഹാന്‍ഡ് ലഭിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചുപുലര്‍ത്തി.

ലിയാം ലിവിങ്സ്റ്റണ്‍ (15 പന്തില്‍ 25), ജിതേഷ് ശര്‍മ (പത്ത് പന്തില്‍ 24), റൊമാരിയോ ഷെപ്പേര്‍ഡ് (ഒമ്പത് പന്തില്‍ 17) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 190ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും കൈല്‍ ജാമൈസണും മൂന്ന് വിക്കറ്റ് വീതം നേടി. വൈശാഖ് വിജയ് കുമാര്‍, അസ്മത്തുള്ള ഒമര്‍സായ്, യൂസ്വന്ദ്രേ ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, വൈശാഖ് വിജയ്കുമാര്‍, കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: Final: PBKS vs RCB: Shreyas Iyer set an unwanted record of second lowest score by captain in an IPL final

Latest Stories

We use cookies to give you the best possible experience. Learn more