ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തിനുള്ള വേദി പ്രഖ്യാപിച്ചു. ഗുജറാത്ത്, അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടാണിത്.
2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐ.പി.എല്ലിന്റെ ഭാഗമായത് മുതല്‍, കഴിഞ്ഞ നാല് സീസണില്‍ ഇത് മൂന്നാം തവണയാണ് അഹമ്മദാബാദ് ഐ.പി.എല്‍ ഫൈനലിന് വേദിയാകുന്നത്.
2022ന് പുറമെ 2023ലും അഹമ്മദാബാദാണ് ഐ.പി.എല്‍ ഫൈനലിന് വേദിയായത്. ഇപ്പോള്‍ 2025ലും കലാശപ്പോരാട്ടം ഗുജറാത്തിലേക്കെത്തുകയാണ്.
ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവുമധികം ഫൈനലുകള്‍ക്ക് വേദിയായ സ്റ്റേഡിയമെന്ന റെക്കോഡും അഹമ്മദാബാദിന് സ്വന്തമായി.
അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന അവസാന ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ നായകന്‍ ധോണിയും ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ട്രോഫിയോടൊപ്പം
(വേദി – എത്ര ഫൈനലുകള്‍ – സീസണുകള്‍ എന്നീ ക്രമത്തില്‍)
അഹമ്മദാബാദ് – 3 – 2022, 2023, 2025*
ചെപ്പോക് – 3 – 2011, 2012, 2024
കൊല്‍ക്കത്ത – 2 – 2013, 2015
ബെംഗളൂരു – 2 – 2014, 2016
ഹൈദരാബാദ് – 2 – 2017, 2019
ദുബായ് – 2 – 2020, 2021
ഡി.വൈ പാട്ടീല്‍ സ്റ്റേഡിയം, മുംബൈ – 2 – 2008, 2010
ജോഹാനസ്‌ബെര്‍ഗ് – 1 – 2009
വാംഖഡെ സ്‌റ്റേഡിയം, മുംബൈ – 1 – 2018
ഇന്ത്യയിലെ ഏറ്റവും ഐക്കോണിക് സ്‌റ്റേഡിയമായ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം ഐ.പി.എല്‍ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഐ.പി.എല്‍ ഫൈനലിന് വേദിയായത് എന്നതും ശ്രദ്ധേയമാണ്.
നേരത്തെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി വേദികള്‍ മാറ്റുകയായിരുന്നു.
Content Highlight: IPL 2025: Final match will be played at Ahmedabad